Wednesday, September 28, 2005

ഭൂതക്കോടതി

ഭൂതക്കോടതി
(സമർപ്പണം: സൂത്രശാലി എന്ന വാക്കിനു പര്യായമായിരുന്ന ഞങ്ങളുടെ മുതുമൂത്തമ്മാവൻ സാക്ഷാൽ കൂരാപ്പിള്ളിൽ കുട്ടിയമ്മാവന്റെ ഓർമ്മയ്ക്ക്‌)
കൂട്ടുകാരായ രണ്ടു ഭൂതങ്ങളുണ്ടായിരുന്നു. ശുംഭനും ഡംഭനും.
പട്ടണത്തിൽ നിന്നും ഗ്രാമത്തിലേയ്ക്കുള്ളവഴിയിൽ ഒരു കാടുണ്ട്‌. ആ കാട്ടിൽ ഒരു യക്ഷിപ്പാലയുടെ മുകളിലായിരുന്നു ഭൂതങ്ങളുടെ താവളം. പ്രിയപ്പെട്ട കൂട്ടുകാരായിരുന്നെങ്കിലും അവർ തമ്മിൽ എപ്പോഴും തർക്കമായിരുന്നു. കിടമത്സരം. ആരാണു കൂട്ടത്തിൽ കേമൻ എന്നതായിരുന്നു സ്ഥിരമായ ആ തർക്കത്തിന്റെ വിഷയം.
തർക്കിക്കൽ മാത്രമല്ല, ചിലപ്പോഴൊക്കെ പ്രവൃത്തികൊണ്ടും മത്സരിക്കും. തന്റെ ബലം കാട്ടാൻ ശുംഭൻ ഒരു കൈ കൊണ്ട്‌ ഒരു മരം പിഴുതെടുത്താൽ ഡംഭൻ രണ്ടുകൈകൾ കൊണ്ടും ഓരോ മരം പിഴുതു കാട്ടും. ഡംഭൻ ഒരിടിക്കു ഒരു പാറ പൊടിയാക്കിക്കാണിച്ചാൽ ശുംഭൻ രണ്ടിടിക്കു രണ്ടു പാറ പൊടിക്കും. അവരുടെ മത്സരം കാരണം ആ കാട്ടിലെ മരങ്ങൾ മിക്കതും നശിച്ചു. പാറകളെല്ലാം പൊടിയായി.
ഒരു ദിവസം ഡംഭൻ പറഞ്ഞു, 'ഡേയ്‌, നമ്മൾ തമ്മലുള്ള തർക്കത്തിനു ഇത്ര കാലമായിട്ടും ഒരു തീരുമാനമായില്ലല്ലോ!'
'ശരിയണല്ലോടേയ്‌!' ശുംഭൻ സമ്മതിച്ചു, 'ഇങ്ങനെ പോയാലെങ്ങനാ? എന്തെങ്കിലുമൊരു തീരുമാനം വേണ്ടായോ?'
'ഞാനാലോചിച്ചിട്ട്‌ ഒരൊറ്റ വഴിയേയുള്ളു. ഒരമ്പയറെ വച്ചു മത്സരം നടത്തണം.'
'ഞാനും അതുതന്നെയാ പറയാനിരുന്നതു. അമ്പയറാകാൻ പറ്റിയതു മനുഷ്യന്മാരാ.'
'ആട്ടെ, നമുക്കൊരു കാര്യം ചെയ്യാം. ഇതിലേ വരുന്ന മനുഷ്യരാരെയെങ്കിലും കൂട്ടു പിടിക്കാം.'
അവർ കാത്തിരുന്നു. ക്ഷമയോടെ.
പിന്നീടു ആദ്യം ആ വഴി വന്നത്‌ ഒരു സന്ന്യാസിയായിരുന്നു. അദ്ദേഹത്തെ കണ്ടയുടൻ രണ്ടുപേരും ഓടി അടുത്തെത്തി. ശുംഭൻ പരിചയപ്പെടുത്തി, 'ഞാൻ ശുംഭൻ, ഇവൻ ഡംഭൻ. ഞങ്ങളു ഭൂതങ്ങളാ.'
സന്യാസി പറഞ്ഞു, 'പ്രഥമദർശനത്തിൽത്തന്നെ ആ വാസ്തവം ബോദ്ധ്യമായിരുന്നു.'
ഭൂതങ്ങൾക്കു സന്തോഷമായി. തങ്ങളെക്കണ്ടയുടൻ ഇത്രയും മനസ്സിലാക്കിയ ആൾ തീർച്ചയായും നല്ല അമ്പയറാവും.
ഡംഭൻ പറഞ്ഞു, 'ഞങ്ങൾ തമ്മിലൊരു തീരാത്തർക്കമുണ്ടു്‌, ഞങ്ങളിലാരാ കൂടിയ മിടുക്കൻ എന്ന്.'
ശുംഭൻ കേറിപ്പറഞ്ഞു, 'എനിക്കു സംശയമൊന്നുമില്ല കേട്ടോ? എനിക്കറിയാം ഞാനാണു മിടുക്കനെന്ന്. പക്ഷേ ഈ മരത്തലയൻ അതു സമ്മതിച്ചു തരുന്നില്ല. അതാ കുഴപ്പം.'
ഡംഭനും കുറച്ചില്ല, 'മരപ്പൊടിത്തലയൻ ഇവനാ. സാമർത്ഥ്യം കണ്ടാൽ തിരിച്ചരിയാത്ത ശുംഭൻ!'
അടുത്ത വാചകം രണ്ടാളും ഒരുമിച്ചാണു പറഞ്ഞത്‌, 'അതു കൊണ്ട്‌ ഇക്കാര്യത്തിൽ നിങ്ങളൊരു തീരുമാനമുണ്ടാക്കണം. ഫീസെന്താണെന്നുവച്ചാൽ തരാം.'
ഈ തിരുമണ്ടന്മാരുടെ ഇടയിൽപ്പെട്ടാൽ തന്റെ തടി കേടാവുമെന്നറിയാനുള്ള ബുദ്ധി സന്ന്യാസിക്കുണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞൊഴിഞ്ഞു, 'എന്റെ നോട്ടത്തിൽ നിങ്ങൾ രണ്ടാളുടേയും ബുദ്ധി ഒരേ പോലെയാണു്‌. ഒരു തീരുമാനം പറയാൻ ഞാനാളല്ല. കുറച്ചു കഴിഞ്ഞാൽ ഈ വഴി മറ്റൊരാൾ വരും. അദ്ദേഹം മനുഷ്യരുടെയിടയിലെ തർക്കങ്ങൾക്കു തീരുമാനമെടുക്കുന്ന ന്യായാധിപനാണു്‌. അദ്ദേഹത്തോടു ചോദിച്ചു നോക്കു. നിങ്ങൾക്കു നന്മ വരട്ടെ.'
സന്ന്യാസി പോയി. കുറെക്കഴിഞ്ഞു ന്യായാധിപൻ വന്നു. ഭൂതങ്ങൾ അദ്ദേഹത്തിനു മുമ്പിൽ ഹർജി സമർപ്പിച്ചു. അതിനിടയിലെ തർക്കവും ബഹളവും കൊണ്ടു കേസത്ര പന്തിയല്ലെന്നു ബഹുമാനപ്പെട്ട കോടതിക്കു ബോധ്യമായി.
അദ്ദേഹം ആലോചിച്ചു. പ്രശ്നം ഗുരുതരമല്ല. മിനിട്ടു വച്ചു വിധി പറയാവുന്നതാണു്‌. പക്ഷേ അതു കഴിഞ്ഞാലോ? ആർക്കറിയാം ഇവന്മാർ ആലോചിച്ചുറപ്പിച്ചിട്ടുള്ളതെന്താണെന്ന്. ജയിക്കുന്ന ആൾ ജഡ്ജിയെ അത്താഴമാക്കുമെന്നാണെങ്കിൽ കുഴയില്ലേ കാര്യം? അതുമല്ല, തോറ്റവൻ തന്നോടു പകരം വീട്ടുകയില്ലെന്ന് എന്താണുറപ്പ്‌? ഇതിനൊക്കെ പോകുന്നതിൽ ഭേദം കേസ്‌ അവധിക്കു വയ്ക്കുന്നതാണു്‌.
ന്യായാധിപൻ പറഞ്ഞു. 'ചുമ്മാതങ്ങിനെ വാദം കേൾക്കാനും വിധിപറയാനും ഇതെന്താ ടീവിക്കാരുടെ ജനതാ അദാലത്താണോ? കോടതിക്കാര്യത്തിൽ ചില നടപടിക്രമങ്ങളുണ്ട്‌. ആദ്യമായി പോലീസ്‌ സ്റ്റേഷനിൽ പോയി എഫ്‌. ഐ. ആർ എഴുതിക്കണം. വകുപ്പു തീരുമാനിച്ചു പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നു പരിശോധിക്കണം. രണ്ടു പക്ഷത്തേയും വക്കീലന്മാർ വക്കാലത്തു സമർപ്പിക്കണം. കോടതിയിൽ നിന്നും സമൻസുവരുമ്പോൾ അവിടെ ഹാജരാകണം. സാക്ഷികളെ വിസ്തരിക്കണം....'
ഈ പറഞ്ഞതിന്റെയൊന്നും പൊരുൾ പിടികിട്ടാതെ ഭൂതത്താന്മാർ മിഴിച്ചുനിന്നതിനിടയിൽ ബഹുമാനപ്പെട്ട കോടതി പിരിഞ്ഞു.
പിന്നീട്‌ ആ വഴി വന്നത്‌ കുട്ടിയമ്മാവനായിരുന്നു. വയസ്സു പത്തെഴുപതായെങ്കിലും ആൾ അപാരതന്റേടിയായിരുന്നു. മഹാസൂത്രശാലിയും. തന്റെ വടിയും മുറുക്കാൻപൊതിയും കൂട്ടിനുണ്ടെങ്കിൽ കുട്ടിയമ്മാവൻ എവിടെയും പോകും. ആരോടും നേരിടും. ഇന്നുവരെ ഒരാളും ഒരു കാര്യത്തിലും കുട്ടിയമ്മാവനോടു വാദിച്ചു ജയിച്ചിട്ടില്ല.

അങ്ങേർ വന്നവഴി പാലച്ചോട്ടിലിരുന്നു; പൊതിയഴിച്ചു വിസ്തരിച്ചൊന്നു മുറുക്കി. എന്നിട്ടു നീട്ടിയൊന്നു തുപ്പി.
ആകപ്പടെ മെലിഞ്ഞു കൃശനായ കുട്ടിയമ്മാവനെ മദ്ധ്യസ്ഥനാക്കണൊ വേണ്ടായോ എന്ന കാര്യത്തിൽ ശുംഭനും ഡംഭനും തമ്മിൽ തർക്കമായി. മരത്തിനു മുകളിലിരുന്നായിരുന്നു തർക്കം. അവരുടെ ശബ്ദം കൂടിക്കൂടി വന്നു. കുറെക്കഴിഞ്ഞപ്പോൾ കുട്ടിയമ്മാവനു കലി കയറി. അദ്ദേഹം അലറി, 'ഒന്നു മിണ്ടതിരിക്കിൻ, ശുംഭന്മാരേ. കാട്ടിൽപ്പോലും സ്വൈരം തരില്ലെന്നുവച്ചാൽ എന്താ ചെയ്യാ? എന്താ നിങ്ങടെ പ്രശ്നം? രണ്ടു പൂതത്താന്മാരും ഇവിടെ വരൂ. തർക്കം ഞാൻ തീർത്തു തരാം.'
ഭൂതങ്ങൾ വാ പൊളിച്ചിരുന്നു പോയി. തങ്ങളെ കണ്ടതുപോലുമില്ല, അതിനു മുമ്പിതാ ഇയാൾക്കു എന്തെല്ലാം മനസ്സിലായിരിക്കുന്നു? ഒരാളുടെ പേരു ശുംഭനെന്നാണെന്നും, രണ്ടുപേരാണുള്ളതെന്നും ഭൂതങ്ങളണെന്നും തമ്മിൽ തർക്കമുണ്ടെന്നുമൊക്കെ മനസ്സിലാക്കിയിരിക്കുന്നു. മിടുക്കൻ! പോരെങ്കിൽ തർക്കം തീർത്തു തരാമെന്നു തറപ്പിച്ചു പറയുന്നുമുണ്ട്‌.
ഭൂതങ്ങൾ കുട്ടിയമ്മാവനു മുമ്പിൽ അവതരിച്ചു. പൂർവ്വാധികം ബഹളത്തിലൂടെ തങ്ങളുടെ തർക്കവിഷയം അവതരിപ്പിച്ചു.
കുട്ടിയമ്മവൻ രണ്ടു പൊയിന്റുകൾ തന്റെ കൂർമ്മബുദ്ധിയിൽ അക്കമിട്ടെഴുതി.
ഒന്ന്; ഇവന്മാരുടെ തർക്കത്തിനു അവസാനതീരുമാനം ഇവരുടെ മുമ്പിൽ വച്ചു തന്നെ പറയുന്നതു അപകടകരമാവും.
രണ്ട്‌; തർക്കം തീരട്ടെ, തീരാതിരിക്കട്ടെ. ഇവന്മാരിൽ നിന്നും തന്റെ ശേഷം ജീവിതകാലം അല്ലലില്ലാതെ കഴിയാനുള്ളതു വസൂലാക്കണം. ഇനി ഇതുപോലൊരു അവസരം കിട്ടിയെന്നു വരില്ല.
കുട്ടിയമ്മവൻ പറഞ്ഞു, 'ചുമ്മാതങ്ങു പറയാനാവില്ല. ഒരു മത്സരം വേണ്ടി വരും.'
ഭൂതങ്ങൾ പറഞ്ഞു, 'അതിനെന്താ? ഞങ്ങൾ റഡി. എന്താ വേണ്ടതു, മരങ്ങൾ പറിച്ചെറിയണോ, പാറകൾ ഇടിച്ചു പൊട്ടിക്കണോ?'
'ശരീരബലത്തിന്റെ കാര്യത്തിൽ നിങ്ങൾ രണ്ടാളും ഒരുപോലെയാവും. ഇനി ബുദ്ധിശക്തിയാണു പരീക്ഷിക്കേണ്ടത്‌. അതിനുള്ള വഴിയാണു പറയാൻ പോവുന്നതു. ശ്രദ്ധിച്ചു കേൾക്കണം. നിങ്ങൾ രണ്ടാളും എനിക്കു ഓരോ സഞ്ചി തരുക. അതിൽ നിറയെ സ്വർണ്ണമായിരിക്കണം. ആരു തരുന്ന സഞ്ചിയിലാണോ കൂടുതൽ വിലയ്ക്കുള്ള സ്വർണ്ണമുള്ളത്‌ അവൻ വലിയ മിടുക്കൻ.'
ഭൂതങ്ങൾക്കു സമ്മതമായി. രണ്ടാളും ജാലവിദ്യകൊണ്ടു ഓരോ സഞ്ചി വരുത്തിക്കൊടുത്തു. കുട്ടിയമ്മാവൻ തുറന്നു നോക്കി. രണ്ടിലും നിറയെ സ്വർണ്ണം!
കുട്ടിയമ്മവൻ പോകാനെഴുന്നേറ്റപ്പോൾ ഭൂതങ്ങൾ ചോദിച്ചു, 'അപ്പോൾ തീരുമാനം?'
കുട്ടിയമ്മാവൻ പറഞ്ഞു, 'അതിനു കുറച്ചു സമയം പിടിക്കും. ഞനിതു കോണ്ടുപോയി രണ്ടു സഞ്ചിയിൽ നിന്നു ഓരോ കഷണം വീതമെടുത്തു വിൽക്കും. വെവ്വേറെ കണക്കെഴുതി വയ്ക്കും. രണ്ടു സഞ്ചിയും കാലിയായിക്കഴിഞ്ഞാൽ കണക്കുകൂട്ടി തീരുമാനം പറയും. അതു വരെ തമ്മിൽ പോരുകുത്താതെ നല്ല കുട്ടികളായി ഇരിക്കുക. സമയം പോകാൻ നാമം ജപിക്കോളുക.'
കുറച്ചിട നടന്നിട്ടു, തിരിഞ്ഞു നിന്നു കുട്ടിയമ്മാവൻ കൂട്ടിച്ചേർത്തു. 'ഒരിക്കലും തോൽക്കാതിരിക്കാൻ ഞാനൊരു വിദ്യ പറഞ്ഞുതരാം, 'അവനവന്റെ സഞ്ചി ഒരിക്കലും കാലിയാവാതെ നോക്കിക്കോളൂ.'
ഭൂതങ്ങൾക്കു സന്തോഷമായി. ഓരു തീരുമാനമുണ്ടാവുമല്ലോ!