നാട്ടിലെ ദുര്‍ഘടങ്ങള്
നാട്ടിലെ ദുര്‍ഘടങ്ങള്
കാട്ടിലെ കുരങ്ങുകളുടെ നേതാവാണു ബന്ദര്‍സിംഗ്. അയാളുടെ മകനാണു സുന്ദര്‍. പടുവികൃതി. സദാസമയവും കുണ്ടാമണ്ടികള്‍ കാട്ടി തുള്ളിച്ചാടി നടക്കല്‍ തന്നെ അവനു പണി. അഛനും അമ്മയും പറയുന്നതൊക്കെ അതേപടി അനുസരിക്കുന്ന പതിവൊന്നും സുന്ദറിനുണ്ടായിരുന്നില്ല. എല്ലാവരും ചാടിക്കടക്കുന്ന സ്ഥലങ്ങള്‍ അവന്‍ ഓടിക്കടക്കും. ഒരു കുരങ്ങിനതു ചേര്‍ന്നതല്ലെന്നു അമ്മ പലതവണ പറഞ്ഞുകൊടുത്തു നോക്കി, ഫലമില്ല. മറ്റു കുരങ്ങന്മാര്‍ നിലത്തിറങ്ങാതെ വാലില്‍ തൂങ്ങിയാടി പറന്നു ചാടി എളുപ്പത്തില്‍ കടന്നു പോവുന്നിടത്തു അവന്‍ നിലത്തിറങ്ങി രണ്ടുകാലില്‍ അഭ്യാസം കാണിച്ചേ കടക്കൂ."ഇങ്ങോട്ടു വാടാ" എന്നു പറഞ്ഞാല്‍ അങ്ങോട്ടോടുന്ന സ്വഭാവം. അതു കൊണ്ടുതന്നെ ഒരിക്കല്‍ അവനൊരു അക്കിടി പറ്റി. കാട്ടില്‍ ഇടയ്ക്കിടെ വലിയ വലിയ ലോറികള്‍ വരും; തടികള്‍ കയറ്റിക്കൊണ്ടു പോകാന്‍. അവ കാണുമ്പോഴൊക്കെ അവന്റെ അമ്മ പറയും, "മോനേ, ഈ ലോറികളുടെ അടുത്തെങ്ങും പോയേക്കല്ലേ, അതൊക്കെ മനുഷ്യരുടെ സൂത്രങ്ങളാ. മഹാ വല്ലാത്ത കൂട്ടരാ മനുഷ്യര്‍".ആ പറയുന്നതു സുന്ദറിനത്ര ദഹിക്കാറില്ല. എന്തിനാ മനുഷ്യരെ ഇത്രയൊക്കെ പേടിക്കുന്നതു? അവരും കാഴ്ചയ്ക്കു കുരങ്ങന്മാരെപ്പോലെതന്നെ. വലിപ്പം കൂടും, വാലില്ല. അതിനെന്താ? കുരങ്ങു വര്‍ഗ്ഗത്തിലുമുണ്ടല്ലോ വാലില്ലത്തോര്‍. ചിമ്പാന്‍സി, ഗോറില്ല. ദേഹത്തു രോമമില്ലത്തതിന്റേയും, മുഖത്തും തലയിലും വേണ്ടതിലധികം രോമമുള്ളതിന്റെയും വൃത്തികേടുണ്ട്. അല്ലെങ്കില്‍ അവരും കുരങ്ങന്മാരെപ്പോലെ സുന്ദരന്മാരായിരുന്നേനെ. ഒരു കാര്യം മാത്രം മഹാവിചിത്രമാണു്. അവരുടെ തൊലികളിങ്ങനെ പലതരത്തിലായിപ്പോയത്.മനുഷ്യരുടെ കുപ്പായങ്ങളെ തൊലിയെന്നാണു കാട്ടിലെ മൃഗങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്.ഒരുകാര്യം സുന്ദര്‍ മനസ്സിലുറപ്പിച്ചിരുന്നു. അഛനും അമ്മയുമടുത്തില്ലത്തപ്പോള്‍ ഒരു ലോറി സൌകര്യത്തിനു കണ്ടാല്‍ അതിന്റെ മുകളിലൊന്നു കയറി നോക്കണം.കാത്തിരുന്നൊരുദിവസം കോളൊത്തുകിട്ടി. ഉറക്കെ അലറി ശബ്ദമുണ്ടാക്കിക്കൊണ്ടു വന്നു നിന്നു ഒരു ലോറി. അതു വന്നു സുന്ദറിരുന്ന മരത്തിന്റെ ചുവട്ടില്‍ത്തന്നെ നിന്നു. ഉടന്‍ അതിന്റെ അലര്‍ച്ചയും നിന്നു. അതില്‍ നിന്നും രണ്ടു മനുഷ്യര്‍ പുറത്തിറങ്ങി. അടുത്തുള്ള കാട്ടുചോലയില്‍ വെള്ളം കുടിക്കാന്‍ പോയി.ഇതു തന്നെ തരം! സുന്ദര്‍ അവനിരുന്ന മരക്കൊമ്പില്‍ നിന്നും നേരേ ലോറിയുടെ മുകളിലേക്കു ചാടി. കുറേ നേരം അതിനുമുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിച്ചു. അതിനിടയില്‍ മനുഷ്യര്‍ തിരികെ വന്നു ലോറിയില്‍ കയറിയതു അവന്‍ കണ്ടില്ല. വലിയ ഒച്ചയോടെ ഒന്നു കുലുങ്ങി വിറച്ചിട്ട് വണ്ടി പെട്ടെന്നു മുന്നോട്ടാഞ്ഞു. സുന്ദര്‍ ഉരുണ്ടുപിരണ്ടുവീണു. മലര്‍ന്നു വീണു കിടന്നപ്പോള്‍ അവന്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു, മരങ്ങളെല്ലം പുരകോട്ടോടുന്നു. അതും കണ്ടങ്ങനെ രസിച്ചു കിടന്നതുകൊണ്ടു ലോറി കാടുവിട്ടു പട്ടണത്തിലെത്തിയത് അവന്‍ അറിഞ്ഞതേയില്ല. ഒരു തടിയുടെ മുകളില്‍ മലര്‍ന്നുകിടന്ന് തലയ്ക്കുതാഴെ കയ്യും വച്ച് കാലിന്മേല്‍ കാലും കയറ്റി പോസിലായിരുന്നു അവന്റെ കിടപ്പ്. ലോറി പെട്ടെന്നു നിന്നപ്പോളുണ്ടായ കുലുക്കത്തില്‍ ഒന്നു കരണം മറിഞ്ഞ് അവന്‍ എഴുനേറ്റു നിന്നു. ചുറ്റും നോക്കിയപ്പോള്‍ അവനാകെ അന്ധാളിച്ചുപോയി. "അപ്പപ്പോ! എത്ര മനുഷ്യരാ! കാട്ടില്‍ മുഴുവനും കൂടെ ഇത്രയും കുരങ്ങന്മാര്‍ കാണുകയില്ല", അവനോര്‍ത്തു.തടിയുടെ മുകളില്‍ ഒരു കുട്ടിക്കുരങ്ങനെക്കണ്ടപ്പോള്‍ തടിയിറക്കാന്‍ വന്നവര്‍ക്കു രസം കയറി. ഒരാള്‍ അവന്റെ നേര്‍ക്കു "ശൂ... ശൂ..." എന്ന് ഒച്ച വച്ചപ്പോള്‍ മറ്റൊരാള്‍ വിളിച്ചു പറഞ്ഞു, "എടാ തൊമ്മീ, അതിനെ ഇങ്ങു പിടിച്ചോടാ, നമുക്കു വളര്‍ത്താം."കേട്ട പാതി കേള്‍ക്കാത്ത പാതി, സുന്ദര്‍ ഒറ്റച്ചാട്ടത്തിനു ലോറിയുടെ ക്യാബിനു മുകളിലെത്തി. അവിടുന്നു ചാടിപ്പിടിക്കാന്‍ പാകത്തില്‍ ചാഞ്ഞു കിടന്ന ഒരു കമ്പു വഴി പറഞ്ഞ നേരം കൊണ്ട് അവന്‍ അടുത്തുനിന്ന ഒരു മരത്തിന്റെ തുഞ്ചത്തെത്തി. ആ മരത്തിനപ്പുറം നിരനിരയായി കുറെ മരങ്ങളുണ്ടായിരുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്കും, അവിടുന്ന് അടുത്തതിലേയ്ക്കുമങ്ങിനെ പകര്‍ന്നു ചാടിച്ചാടി, കുറച്ചു സമയത്തിനുള്ളില്‍ അവന്‍ ലോറിയില്‍ നിന്നും ദൂരെയെത്തി. അവന്റെയോരോ ചാട്ടത്തിനുമൊപ്പം കയ്യടിച്ചു കൂക്കിവിളിച്ചുകൊണ്ടു കുറേ മനുഷ്യക്കുട്ടികളും താഴേക്കൂടി ഓടിയിരുന്നു. കുറെച്ചെന്നപ്പോള്‍ അടുത്തെങ്ങും മരങ്ങളില്ല മുന്നോട്ടു പോകാന്‍. കുറച്ചകലെക്കണ്ട മരത്തിലേയ്ക്കു പോകാന്‍ പാകത്തില്‍ ഒരു തട്ടു കണ്ട് അവന്‍ അതിലേയ്ക്കു ചാടി. "പ്‌ടേ" അവന്‍ ചാടിയപ്പോളുണ്ടായ ഒച്ച അവനെത്തന്നെ നടുക്കി. ഒരു ഷെഡ്ഡിന്റെ തകരം കൊണ്ടുള്ള മേല്‍ക്കൂരയായിരുന്നു അത്. ഒച്ച കേട്ടു ഷെഡ്ഡിലുണ്ടായിരുന്നവര്‍ വെളിയില്‍ വന്നു. കല്ലും വടിയും മറ്റുമെടുത്ത് അവനെ എറിയാന്‍ തുടങ്ങി. രക്ഷപ്പെടാന്‍ വഴി മരത്തിന്റെ കമ്പുകള്‍ തന്നെ എന്നോര്‍ത്ത് അവന്‍ ചാടി മുകളില്‍ കയറി.സുന്ദറിനു വിശക്കാന്‍ തുടങ്ങി. എത്ര നേരമായി വല്ലതും കഴിച്ചിട്ട്. മനുഷ്യരുടെ ഈ കാട്ടിലെ മരങ്ങളിലൊക്കെത്തന്നെ പൂക്കളുണ്ട്. പക്ഷേ ഒന്നിലും തിന്നാന്‍ പറ്റിയ കായൊന്നും കാണാനില്ല. ഇവന്മാരൊന്നും തിന്നുകയില്ലെന്നു വരുമോ? കുറച്ചു വെള്ളമെങ്കിലും കുടിക്കാന്‍ കിട്ടിയിരുന്നെങ്കില്‍! അതെങ്ങിനെ കിട്ടാനാ? എങ്ങും ഒരു തോടോ പുഴയോ കുളമോ ഉണ്ടായിട്ടു വേണ്ടേ! അവന്‍ ആകെ വിഷമത്തിലായി.പൊടുന്നനെ അവന്‍ രസകരമായ ഒരു കാഴ്ച കണ്ടു. ഒരു കുട്ട നിറയെ നല്ല പഴങ്ങള്‍ അവനിരുന്നതിന്റെ താഴത്തു കൂടി നീങ്ങി നീങ്ങിപ്പോകുന്നു. മുകളില്‍ നിന്നുള്ള നോട്ടത്തില്‍ കുട്ടയ്ക്കടിയില്‍ അതു ചുമന്നുകൊണ്ടു പോകുന്ന ആളുണ്ടെന്നു അവനു മനസ്സിലായില്ല. ഒറ്റച്ചാട്ടത്തിനു അവന്‍ താഴെയെത്തി. പഴങ്ങള്‍ ലക്ഷ്യമാക്കി ചാടി. പിന്നെയവിടെയുണ്ടായ ബഹളം ഒന്നും പറയണ്ട. അവന്‍ കയ്യിലൊരു ആപ്പിളുമായി തിരികെ മരത്തിനു മുകളിലെത്തിയപ്പോള്‍ കണ്ടതു തറയില്‍ ചിതറിക്കിടക്കുന്ന ആപ്പിളുകളും പേരയ്ക്കകളും, ഓറഞ്ചുകളുമാണ്.ഒരാള്‍ ഭയങ്കര ദേഷ്യത്തില്‍ അവന്റെ നേരേ നൂക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അവനും കുറച്ചില്ല. ഉറക്കെ ഒച്ചവെച്ചു കൊണ്ടു പല്ലിളിച്ചങ്ങു കാണിച്ചു കൊടുത്തിട്ടു ആപ്പിള്‍ തിന്നാന്‍ തുടങ്ങി. "ഒരു കാര്യം സമ്മതിച്ചേ പറ്റൂ" അവന്‍ മനസ്സിലോര്‍ത്തു. മനുഷ്യരെങ്ങിനെയായിരുന്നാലും, അവരുടെ പഴം നല്ലതാണ്.ആപ്പിള്‍ തിന്നുകഴിഞ്ഞ് സുന്ദര്‍ വെള്ളമന്വേഷിച്ചു പുറപ്പെട്ടു. ഒന്നുരണ്ടു മരങ്ങള്‍ ചാടിക്കടന്നപ്പോള്‍ അവന്‍ വിശാലമായ ഒരു തുറസ്സിലെത്തി. അതിന്റെ നടുവിലൊരു വമ്പന്‍ കൂടുമുണ്ട്. മനുഷ്യരെന്തിനാണവോ ഇത്ര വലിയ കൂടുകള്‍ കെട്ടുന്നത്? അതിനടുത്തെങ്ങാനും വെള്ളം കിട്ടുമോ എന്നറിയാന്‍ അവന്‍ അടുത്തു ചെന്നു നോക്കി. അവിടെയതാ കുറെയേറെ മനുഷ്യക്കുഞ്ഞുങ്ങള്‍ നിരനിരയായി ഇരിക്കുന്നു. എല്ലാരുടെയും തൊലി ഒരേ പോലെ. അവരുടെ മുമ്പില്‍ ഒരു വലിയ മനുഷ്യനുണ്ട്. അതിന്റെ തൊലി വേറൊരു തരത്തില്‍. തലയിലെ രോമത്തിനെന്തൊരു നീളം!സുന്ദര്‍ ചെന്നെത്തിയതു ഒരു പള്ളിക്കൂടത്തിന്റെ വളപ്പിലായിരുന്നു. കുട്ടികളുടെ യൂണിഫോമും, ടീച്ചറമ്മയുടെ നീണ്ട മുടിയുമാണവനെ അത്ഭുതപ്പെടുത്തിയത്.ആ വലിയ മനുഷ്യന്‍ ഉറക്കെയുറക്കെ പറയുന്നതിനിടയില്‍, അടുത്തുള്ള ഒരു പലകയിലേയ്ക്കു ചൂണ്ടി. അവിടെയതാ ഒരു കുരങ്ങിന്റെ പടം. കൊള്ളാമല്ലൊ! അതു കണ്ടപ്പോള്‍ അവര്‍ പറയുന്നതെന്താണെന്നറിയാന്‍ അവനു കൌതുകം തോന്നി. അവന്‍ കുറേക്കൂടി അടുത്തേയ്ക്കു ചെന്നു. വലിയ മനുഷ്യന്‍ ഈണത്തില്‍ പറയുന്നു, "കാട്ടുമരത്തിന്‍ കമ്പുകള്‍ തോറും കയറാം മറിയാം, ചാടാം; വാലാല്‍ ചില്ലക്കൊമ്പില്‍തൂങ്ങി വലിഞ്ഞു കിടന്നൊന്നാടാം.""അതുശരി, ഇവര്‍ പറയുന്നതു എന്റെ കാര്യമാണല്ലോ!" സുന്ദറിനു സന്തോഷമായി. അപ്പോള്‍ അവന്റെ മനസ്സിലൊരു ഭുദ്ധിയുദിച്ചു. ഞാനിവിടെയുള്ളപ്പോള്‍ ഇവരെന്തിനാ പടം കണ്ടു പഠിക്കുന്നത്? എന്നെത്തന്നെ കണ്ടോട്ടെ.ഉടന്‍ അവന്‍ തന്റെ ആലോചന നടപ്പിലാക്കി. ഓടിച്ചെന്നു ടീച്ചറിന്റെ മുന്നിലുണ്ടായിരുന്ന മേശയില്‍ കയറി കുത്തിയിരുന്നു.അവന്‍ പ്രതീക്ഷിച്ച തരത്തിലുള്ള സ്വാഗതമല്ല അവിടെക്കിട്ടിയത്. കുരങ്ങിനെ ഇത്രയുമടുത്ത് ആദ്യമായിക്കണ്ട ടീച്ചര്‍ "ഈ ഈ" എന്നു നിലവിളിച്ചു കോണ്ടോടി. പെണ്‍കുട്ടികളെല്ലം "ഈയോ!" എന്നു വിളിച്ചു ബഞ്ചിനു മുകളില്‍ കയറി. ആണ്‍കുട്ടികള്‍ കയ്യടിച്ചു പാട്ടു തുടങ്ങി, "ആടിക്കളിക്കെട കൊച്ചുരാമ, ചാടിക്കളിക്കെടാ കൊച്ചുരാമാ."അപ്പോഴേക്കും ഒരാള്‍ ഒരു നീണ്ട വടിയുമായി വന്നു. ഇനിയിവിടെ നില്‍ക്കുന്നതത്ര പന്തിയല്ലെന്നു സുന്ദരിനു മനസ്സിലായി. അവന്‍ ഇറങ്ങിയോടി. വഴിക്കു കണ്ട ഒരു ലോറിയില്‍ ചാടിക്കയറി. ഭാഗ്യത്തിനു ലോറി ഉടനെ ഓടിത്തുടങ്ങി. അതു പട്ടണത്തിനു വെളിയിലെയ്ക്കാണു പോയത്. ചാഞ്ഞു കിടന്ന ഒരു മരക്കൊമ്പു കണ്ടപ്പോള്‍ അവന്‍ ഒറ്റച്ചാട്ടത്തിനതില്‍ പിടിച്ചുകയറി. വല്ലാത്ത കൂട്ടരായ മനുഷ്യരുടെയിടയില്‍ നിന്നും രക്ഷപ്പെട്ടതില്‍ അവനു എന്തെന്നില്ലാത്ത ആശ്വാസം തോന്നി.എല്ല അവകാശങ്ങളും :ബാലേന്ദുവിനു്
1 Comments:
കഥ സൂപ്പറായിട്ടുണ്ട്!
Post a Comment
<< Home