മാടപ്രാവും കൂട്ടരും
മാടപ്രാവും കൂട്ടരും
(ബാലേന്ദു)
മുട്ടയിടാന്‍ കാലമടുത്തപ്പോഴാണു മാടപ്രാവു കൂടുകൂട്ടാന്‍ ഓര്‍ത്തത്. ധൃതിപിടിച്ചു കൂടുകൂട്ടിയതു ഒരു മുളങ്കൂട്ടത്തിനുള്ളില്‍.മുട്ടയിട്ടു കഴിഞ്ഞു ഒരുദിവസം കാറ്റടിച്ചു മുളകളാടി കൂടുലഞ്ഞു മുട്ട വീണു മുളങ്കൂട്ടില്‍.ചുറ്റുമോടി നടന്നിട്ടും വട്ടമിട്ടു പറന്നിട്ടും മുട്ടകിട്ടാന്‍ മാര്‍ഗ്ഗമില്ലാതെ കാര്യമെല്ലാം കഷ്ടമായി.മാടപ്രാവ് മുട്ട തോണ്ടിയെടുക്കാനും കൂട്ടിലേറ്റിവയ്ക്കാനും വേട്ടയാടി നടപ്പോനെ കൂട്ടിനായി വിളിച്ചു .
"വേട്ടയാടും നാട്ടുകാരാ
മുട്ടയൊന്നു താഴെവീണു
മുട്ട മെല്ലെയെടുത്തെന്റെ
കൂട്ടിലൊന്നു വച്ചിടാമോ?"
വേട്ടയാടുന്നവന്‍ സഹായിക്കന്‍ തയ്യറായില്ല. അവന്‍ പറഞ്ഞു,
"വൈകി നേരം കാണ്മതില്ലേ?
നേരമായി വീടു പൂകാന്‍
നേരമെനിക്കില്ല തീരെ
വേറെയാളു തിരഞ്ഞോളൂ."
കടിച്ചെന്തും മുറിച്ചീടാന്‍ മിടുക്കുള്ളോരെലിക്കുട്ടന്‍ തിരക്കിട്ടു തിരയുമ്പോള്‍ മാടപ്രാവു വിളിച്ചു പറഞ്ഞു,
"മുളങ്കൂട്ടില്‍ വീണ മുട്ട-
യെടുക്കാത്ത മനുഷ്യന്റെ
വില്ലറുത്തു മുറിക്കേണം
വല്ലപാടുമെലിക്കുട്ടാ."
എലിക്കുട്ടന്‍ കനിഞ്ഞില്ല. ഭയങ്കരമായ തിരക്കുള്ള മട്ടില്‍ പറഞ്ഞു,
"ഇല്ലനേരം കരണ്ടീടന്‍,
വില്ലുമമ്പും മുറിച്ചീടാന്‍
ഉള്ളനേരം കളയാതെ
വല്ലതും ഞാന്‍ തിരഞ്ഞോട്ടെ."
വെയില്‍ കാഞ്ഞങ്ങിരിക്കുന്ന പൂച്ചയൊന്നിന്റെയടുത്തെത്തി പ്രാവു സഹായമഭ്യര്‍ത്ഥിച്ചു,
"വില്ലറുക്കാന്‍ മടിക്കുന്ന
ചുണ്ടെലിയെപ്പിടിക്കാമോ?
രണ്ടു മാന്തു കൊടുക്കാമോ
കരിമ്പൂച്ചേ കൂട്ടുകാരാ?"
പൂച്ചയും കനിഞ്ഞില്ല. കണ്ണു തുറന്നൊന്നു നോക്കി. വീണ്ടും കണ്ണടച്ചിട്ടു പറഞ്ഞു.
"നേരമില്ല തെല്ലുപോലും,
വെയില്‍ കായും നേരമല്ലേ?
വിശപ്പില്ല തെല്ലുമിപ്പോള്
പിടിക്കില്ലാ ഒന്നിനേയും."
കാടിളക്കി വേടനെ സഹായിക്കുന്ന പാണ്ടനെന്ന നായയുടെ അടുത്തെത്തി മാടപ്രാവ്.
"വില്ലറുക്കാന്‍ മടിക്കുന്ന
ചുണ്ടെലിയെ പിടിക്കാത്ത
കണ്ടനേ നീ കടിക്കാമോ
കൂട്ടുക്കാരാ വേട്ടനായേ?"
വട്ടത്തില്‍ ചുരുണ്ടുകൂടി കാലിന്നിടയില്‍ തല തിരുകി പാണ്ടന്‍ പറഞ്ഞു,
"കാട്ടിലോടിക്കുഴഞ്ഞൂ ഞാന്
വീട്ടിലെത്താന്‍ നേരമായി
ആരുടേയും പിന്നിലോടാന്
നേരമിപ്പോളെനിക്കില്ല."
കാടുകുലുക്കി നടന്നുവരുന്ന കൊമ്പനാനയോടാണു അവള്‍ പിന്നെ ചോദിച്ചത്. "കരിമ്പൂച്ചേപ്പിടിക്കാത്ത
പാണ്ടനേ നീ പിടിക്കാമോ
കൊമ്പുകാട്ടിത്തുരത്താമോ
വമ്പനാനേ കൊമ്പനാനെ?"
ആനയും സഹായിക്കാന്‍ തയ്യറായില്ല. അവന്‍ പറഞ്ഞതിങ്ങനെയാണു,
"കാട്ടുചോലയ്ക്കടുത്തെത്തി
വെള്ളമിറ്റു കുടിക്കട്ടെ
പറ്റുകില്ല തുണച്ചീടാന്‍
ഒട്ടുമില്ല സാവകാശം."
ആരും സഹായിക്കുന്നില്ല. എന്തു വേണമെന്നറിയാതെ മാടപ്രാവങ്ങിനെയിരിക്കുമ്പോള്‍ ഒരു കട്ടുറുമ്പു വന്നു. മാടപ്രാവു ചോദിച്ചു,
"കണ്ടനേയും കടിക്കാത്ത
പാണ്ടനേയും തുരത്താത്ത
കൊമ്പനാനേക്കടിക്കാമോ
കട്ടുറുമ്പേ കൂട്ടുകാരാ."
അവനു മടിയുണ്ടായിരുന്നില്ല. ഉറുമ്പു പറഞ്ഞു,
"വമ്പനാകുമാനതന്റെ
തുമ്പിക്കയ്യിന്നകത്തേറാന്‍
കമ്പമേറെയെനിക്കുണ്ടേ,
ഇമ്പമുണ്ടേ കടിക്കാനും."
കടിക്കാനോടി വരുന്ന ഉറുമ്പിനേക്കണ്ട കൊമ്പന്‍ തുമ്പിക്കയ് ചുരുട്ടി വായില്‍ വച്ചു നായുടെ പിന്നാലെയെത്തി. നായ വലു ചുരുട്ടി കാലിനിടയിലാക്കി പൂച്ചയുടെ പിന്നാലെ പാഞ്ഞു. പൂച്ച വാലുയര്‍ത്തി നടു വളച്ചു എലിയുടെ പിന്നിലോടി. എലി പിരുപിരെ ഓടി വേടന്റെ വില്ലില്‍ കയറി. വേടന്‍ ഓടി മുളങ്കൂട്ടിലെത്തി. മുട്ടയെടുത്തു പ്രാവിന്റെ കൂട്ടില്‍ വച്ചു. മാടപ്രാവിനു സന്തോഷമായി. ഒരു നല്ല കാര്യം ചെയ്തതില്‍ സന്തോഷിച്ചു എല്ലാവരും അവരവരുടെ വഴിക്കു പോയി.
rights reserved
2 Comments:
നന്നായിട്ടുണ്ട്!
ഇന്നേ വായിയ്ക്കാൻ പറ്റിയുള്ളൂ ട്ടോ, വല്ല്യ തിരക്കായിരുന്നു. എനിയ്ക്കൊത്തിരി ഇഷ്ടായി ട്ടോ.
Post a Comment
<< Home