അക്ഷരമാലോപദേശം
അക്ഷരമാലോപദേശം
അറിവുള്ളവര്‍കളെയാദരിച്ചീടണം.
ആദരണീയരെക്കണ്ടാല്‍ക്കൈ കൂപ്പണം,
ഇല്ലാത്ത പൊങ്ങച്ചം കാട്ടാതിരിക്കണം,
ഈശ്വരവിശ്വാസമാശ്വാസമേകിടും
ഉള്ളതു ചൊല്ലുവാന്‍ തന്റേടം കാട്ടണം
ഊരിന്നുപകാരമായതു ചെയ്യണം
ഋജുവായുള്ള വഴിക്കുതാന്‍ നീങ്ങണം
എന്നും പുലര്‍ച്ചയ്ക്കു മുമ്പുണര്‍ന്നീടണം
ഏതുകാര്യത്തിലും ചിട്ടയുണ്ടാവണം
ഐക്യമാണാര്‍ക്കും ബലമെന്നതോര്‍ക്കണം
ഒത്തൊരുമിക്കുകിലൊത്തിടുമൊക്കെയും
ഓതിയ വാക്കു പാലിക്കാന്‍ ശ്രമിക്കണം
ഔത്സുക്യമെപ്പൊഴും നല്ലതിലാവണം
അംഗീകരിച്ചുള്ള ചട്ടം പാലിക്കണം
കണ്ടാലറയ്ക്കുന്ന മട്ടില്‍ നടക്കൊലാ
ഖാദ്യം വെടിപ്പുള്ളതാവണമെപ്പൊഴും
ഗര്‍വ്വു നന്നല്ലതു തീരെയുണ്ടാകൊലാ
*ഘര്‍മ്മമൊഴുക്കിയേ ശര്‍മ്മമുണ്ടായിടൂ
"ങ്യാവൂ" കരയൊല്ല "ഭൌ ഭൌ" കുരയ്ക്കണം
ചാഞ്ചല്യം കൂടാതെ നീതി പാലിക്കണം
ഛായ നന്നായാല്‍ പ്രതിച്ഛായ സുന്ദരം
ജന്തുക്കളില്‍ പ്രീതി കാട്ടണമെപ്പൊഴും
*ഝമ്പാകചാപല്യമാവില്ല ഭൂഷണം
ഞാനെന്ന ഭാവം വരുത്തുമജ്ഞാനവും
*ടങ്കപ്പിടിപോലെ വംശം മുടിക്കൊലാ
*ഠാണാവു നാണം കെടുത്തുമോര്‍ത്തീടണം
ഡംഭു വേണ്ടന്‍പാണു മര്‍ത്യന്നു ഭൂഷണം
*ഢാലമായീടണം ദുര്‍ബ്ബലരക്ഷയില്‍
*ണാക്കളേപ്പോലുപകാരികളാകണം
തല്ലുകൊള്ളിത്തരമെല്ലു നുറുക്കിടും
*ഥൂല്‍ക്കാരമുണ്ണുന്ന ദിക്കിലിണങ്ങിടാ
ദാരിദ്ര്യമാകിലും യാചിച്ചു വാങ്ങൊലാ
ധര്‍മ്മാനുഷ്ഠാനങ്ങളൊട്ടും മുടക്കൊലാ
നല്ലവാക്കോതണം, നല്ലതു ചെയ്യണം
പട്ടണത്തില്‍ പണം, ഗ്രാമത്തില്‍ ഭക്ഷണം
ഫാലലിഖിതം കരത്താല്‍ത്തിരുത്തണം
ബാല്യം പിഴച്ചാല്‍ പിഴച്ചു വാര്‍ദ്ധക്യവും
ഭക്ഷണത്തിന്‍ മുന്നിലാര്‍ത്തി കാട്ടീടൊലാ
മര്‍ത്യനു മിത്രം മരങ്ങളെന്നോര്‍ക്കണം
യത്നിക്കിലേതും നടക്കും, നടത്തണം
രോഗം വരാതെയിരിക്കാന്‍ നടക്കണം
ലോകനന്മയ്ക്കായുഴയ്ക്കണം നിത്യവും
വാശി നാശത്തിന്‍ വളമാണതോര്‍ക്കണം
ശക്തി കുറഞ്ഞോര്‍ക്കു രക്ഷയായീടണം
ഷര്‍ട്ടിരന്നിട്ടു നടന്നാലിണങ്ങിടാ
സ്നേ ഹമാണൂഴിതന്നാധാരമാകയാല്
ഹോമിക്ക സര്‍വ്വവും സ്നേഹമാം വേദിയില്
ളോഹമാത്രം കൊണ്ടു വൈദികനായിടാ
"ഴ"പോല്‍ കുഴഞ്ഞിടും മദ്യപനൊക്കെയും
റോമയില്‍ റോമനെപ്പോല്‍ പെരുമാറണം.
ബാലികാബാലകര്‍ നല്ലവരാകുവാന്
ബാലേന്ദുവേകുന്നുപദേശമിത്രയും.
-----------
* ഘര്‍മ്മം = വിയര്‍പ്പു* ഝമ്പാകം = കുരങ്ങ്
* = മഴു* ഠാണാവു = പോലീസ് സ്റ്റേഷന്‍
* ഢാലം = പരിച* ണാക്കള്‍ = പശുക്കള്‍
* ഥൂല്‍ക്കാരം = തുപ്പുന്ന ശബ്ദം
rights reserved: Balendu