പാച്ചന്‍ ക്ലിനിക്
2. പാച്ചന്‍ ക്ലിനിക്
ചിണ്ടന്‍ ചുണ്ടെലിയും പാച്ചന്‍ തവളയും ചേര്‍ന്നു പാച്ചോറ്റിക്കുളം കവലയില്‍ ഒരു ആശുപത്രി തുടങ്ങി. "അത്യന്താധുനികചികിത്സാലയം" എന്നായിരുന്നു ബോര്‍ഡിലെഴുതിയിരുന്ന പേര്‍."മരുന്നില്ലാത്ത ചികിത്സ: അതാണേറ്റവും പുതിയ വിദ്യ. രാസവസ്തുക്കള്‍ കൊണ്ടു ദൈവദത്തമായ ശരീരം വിഷപങ്കിലമാക്കാതിരിക്കുവിന്‍" എന്നെല്ലാം അച്ചടിച്ച നോട്ടീസുകള്‍ എല്ലായിടത്തും വിതരണം ചെയ്തു. ആദ്യമൊക്കെ മടിച്ചുനിന്നെങ്കിലും താമസിയാതെ ആശുപത്രിയിലേയ്ക്കു രോഗികള്‍ വന്നു തുടങ്ങി.അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദത്തിലെ അങ്ങാടിപ്പൊതി തുടങ്ങി സകലതും പരീക്ഷിച്ചു നിരാശനായ പൂവാലനെന്ന കോഴിപ്പൂവനായിരുന്നു ആദ്യത്തെ രോഗി."എന്താ അസുഖം?" എന്ന ഡോക്ടറുടെ ചോദ്യത്തിനു മറുപടിയായി പൂവാലന്‍ പറഞ്ഞു, "പറക്കാന്‍ പറ്റുന്നില്ല ഡോക്ടറേ. ഇത്രയും വലിയ ചിറകുകളും, നീണ്ട തൂവലുകളുമൊക്കെ കാഴ്ചവസ്തുക്കള്‍ മാത്രം. തറേന്നു ഒരിഞ്ചങ്ങോട്ടു പൊങ്ങാനാവുന്നില്ല. കുഞ്ഞാരുന്നപ്പം അഞ്ചാറടിപൊക്കത്തിലുള്ള വേലിയേലൊക്കെ പറന്നു കേറാറുള്ളതായിരുന്നെന്റെ സാറേ. ഇപ്പഴതു പോയിട്ടു ... ..." പൂവാലന്റെ ദീര്‍ഘനിശ്വാസത്തിനു പൊള്ളുന്ന ചൂടുണ്ടായിരുന്നു.ഡോക്ടര്‍ പാച്ചനും ചിണ്ടനും കൂടി പൂവാലനെ മറിച്ചും തിരിച്ചുമിട്ടു പരിശോധിച്ചു. ചിറകിന്റെ നീളം അളന്നു നോക്കി. സ്പ്രിംഗ് ത്രാസ്സില്‍ തൂക്കിയെടുത്തു തൂക്കം നോക്കി. രണ്ടു വിദഗ്‌ധന്മാരും കുറേ നേരം കൂടിയാലോചിച്ചിട്ടു പറഞ്ഞു, "എക്സ്ട്രാവൈറ്റിറ്റിസ് പൊട്ടാലിറ്റിസ് എന്ന രോഗമാണു നിങ്ങള്‍ക്ക്. കൂടുതല്‍ ലോഡു കയറ്റിയ വിമാനങ്ങളിലും ഈ രോഗം കണ്ടു വരുന്നുണ്ട്. പകരുന്നതൊന്നുമല്ല, പേടിക്കണ്ട. പക്ഷേ ഉടനെ ചികിത്സിച്ചില്ലെങ്കില്‍ പിടിച്ചാല്‍ കിട്ടാതാവും. തൂക്കം കുറയ്ക്കുക എന്നൊരോറ്റ വഴിയേയുള്ളു.""അതെനിക്കും തോന്നിയതാ സാറമ്മാരേ. പക്ഷേ എങ്ങനെയാണതു സാധിക്കുക?""ഡയറ്റു ചെയ്യുക തന്നെ." ചിണ്ടന്‍ പറഞ്ഞു."കുറച്ചാഹാരം, നിറച്ചു വ്യായാമം." പാച്ചന്‍ തുടര്‍ന്നു പറഞ്ഞു."ശരി സാറന്മാരെ, അങ്ങിനെ ചെയ്യാം" പൂവാലന്‍ അത്ര സന്തോഷത്തോടെയല്ല പറഞ്ഞതു. ഇതും പറഞ്ഞു അവന്‍ നടന്നപ്പോള്‍ ചിണ്ടന്‍ ചോദിച്ചു, "ഞങ്ങളുടെ ഫീസു തരാതെ പോകുവാണോ?"പടിക്കലെത്തിയ പൂവലന്‍ നിന്നു കൊക്കി, "പിന്നെക്കേട്ടില്ലേ? പട്ടിണി കെടക്കാന്‍ പറഞ്ഞതിനാ പീസ്. വേറെയാളെ നോക്കിയാട്ടെ സാറേ."ഉടന്‍ തന്നെ ഭിത്തിയിലുണ്ടായിരുന്ന നിര്‍ദ്ദേശങ്ങളുടെ കൂടെ ഒന്നുകൂടെ അവര്‍ എഴുതിച്ചേര്‍ത്തു, "ഡോക്ടറെ കാണുന്നതിനു മുമ്പു ഫീസടയ്ക്കണം."അടുത്ത രോഗി നീളകണ്ഠന്‍ ജിറാഫായിരുന്നു. വല്ലാത്ത പൊക്കം തന്നെ പ്രശ്നം. "ഇതു കാരണമാ ഗിന്നസു ബുക്കില്‍ കയറിപ്പറ്റിയതെന്നതൊക്കെ ശരിയാ. പക്ഷേ സമൂഹത്തില്‍ കഴിഞ്ഞു കൂടണ്ടേ സറേ? ഓരാളും അവരുടെ വീട്ടില്‍ കേറ്റത്തില്ല, മേല്‍ക്കൂര പൊളിയുമെന്നു പേടി. എവിടെ പോകാനാണെങ്കിലും ഒരു വണ്ടി കേറനൊക്കുമോ അതുമില്ല. നടന്നു നടന്നു ഊപ്പാടെത്തി. വല്ലപാടും ഈ പൊക്കമൊന്നു കുറച്ചുതായോ."നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം പാച്ചന്‍ പറഞ്ഞു. "പ്ലാസ്റ്റിക് സര്‍ജറി കൊണ്ടു ശരിയാക്കാം. നഗരത്തിലെ ക്ല്നിക്കല്‍ ട്രസ്റ്റു ഹോസ്പിറ്റലിലെ സര്‍ജ്ജനെ എനിക്കറിയാം. ഇഞ്ചൊന്നിനു അയ്യായിരം രൂപയെന്നാണു കണക്കു. ആവശ്യാനുസരണം കാശുമൊപ്പിച്ചു വന്നോളൂ. നമുക്കു ശരിയാക്കാം."അടുത്ത രോഗി പാണ്ടന്‍ നായയായിരുന്നു, രോഗം പുതിയതൊന്നുമല്ല.എത്ര നേരം എങ്ങനെയൊക്കെ നിവര്‍ത്തിപ്പിടിച്ചാലും നിവരാത്ത വാലുതന്നെ. കുഴലിലിട്ടു പത്തുമാസം കൊണ്ടുനടന്നിട്ടും, കുഴമ്പിട്ടു പത്തുവട്ടം ഉഴിഞ്ഞിട്ടും നിവരാത്ത വാല്‍. "അതു മാത്രമല്ല സാറന്മാരേ പ്രശ്നം!" പാച്ചനിതു പറഞ്ഞപ്പോള്‍ ഒച്ച കരച്ചിലിന്റെ അടുത്തെത്തിയിരുന്നു, "ഉള്ളിലല്‍പം പേടി തോന്നിയാലുമതു മുഖത്തു കാട്ടാതിരിക്കാന്‍ കഴിഞ്ഞെന്നു വരും. പക്ഷേ ഈ നശിച്ച വാലു സമ്മതിക്കത്തില്ല. അവന്‍ വളഞ്ഞ് കാലിനടീലോട്ടങ്ങു കേറും."പാച്ചന്‍ പറഞ്ഞു, "നന്നാക്കാനാവത്തതിനെ ഇല്ലാതാക്കുക എന്നാണു പഴമക്കാര്‍ പോലും പറയുന്നതു."അപ്പോഴേക്കും ചിണ്ടന്‍ കയ്യിലൊരു വാളുമായി എത്തിക്കഴിഞ്ഞിരുന്നു. പക്ഷേ മറ്റെന്തു ദോഷമുണ്ടെങ്കിലും പാണ്ടനു നല്ല വേഗത്തില്‍ ഓടാനറിയാമായിരുന്നു. ഇറങ്ങിയോടുമ്പോള്‍ അവന്റെ വാല്‍ സുരക്ഷിതമായി വയറിനോടു പറ്റിയിരിക്കുന്നുണ്ടായിരുന്നു. ആ ഓട്ടം കണ്ട പാച്ചന്‍ കൂട്ടുകാരനോടു പറഞ്ഞു, "ഫീസ് ആദ്യമേ വാങ്ങിയതു നന്നായി."പാണ്ടന്‍ ഒന്നു രണ്ടു ദിവസം പരിചയമുള്ളോരൊടൊക്കെ പാച്ചന്റേയും ചിണ്ടന്റേയും കുറ്റം പറഞ്ഞു നടന്നു.പാച്ചോറ്റിക്കുളത്തിനടുത്തു താമസിച്ചിരുന്ന ശേഷനാഗയ്യനെന്ന മൂര്‍ഖന്‍ പാമ്പിനുമുണ്ടായിരുന്നു ചില മാറാരോഗങ്ങള്‍. ഇടയ്ക്കിടെ തോല്‍ ഉണങ്ങി പൊളിയുന്നതാണു പ്രധാനം. അതുണ്ടാവുമ്പോള്‍ പിന്നെ കുറേ ദിവസത്തേയ്ക്കുള്ള പ്രയാസമൊന്നും പറയണ്ട. അനങ്ങാന്‍ വയ്യ. പിന്നെയും ചില പ്രശ്നങ്ങളുണ്ടു, തല നിലത്തൂന്നു പൊങ്ങിയാല്‍ ആടിത്തുടങ്ങും. ഒരുപാടു ചികിത്സ നോക്കി. ചുണ്ടെലി രസായനവും, തവളസൂപ്പുമൊക്കെ കഴിച്ചു നോക്കി. നൊ യൂസ്! പ്രയോജനം ഇല്ല. ഫലനില്ലൈ! "ഏതായാലും പുതിയ അപ്പാത്തിക്കിരിമാരെക്കൂടി കണ്ടു കളയാം" എന്നു കരുതിയാണു പാമ്പു ക്ലിനിക്കിനു മുന്നിലെത്തിയതു. ദൂരെ നിന്നും പാമ്പു വരുന്നതു കണ്ടതേ ചുണ്ടെലിയുടെ ചങ്കിടിച്ചു. തവളയുടെ ഒച്ചയടച്ചു. രണ്ടു പേര്‍ക്കും പനി മൂത്തു. മൂര്‍ഖന്‍ പടിവാതിലക്കലെത്തിയപ്പോള്‍ ഷട്ടറിടാന്‍ പോലും നില്‍ക്കാതെ രണ്ടാളും സ്ഥലം വിട്ടു. ആദ്യം തവള കുളത്തിലെത്തിയോ അതോ ചുണ്ടെലി മാളത്തിലെത്തിയോ, ആ ആര്‍ക്കറിയാം!
-------
പകര്‍പ്പവകാശം കഥാകൃത്തിനു മാത്രം.
3 Comments:
താങ്ങളുടെ പേജിലെ ബാക്ക്ഗ്രൌണ്ട് വരകള്‍ എന്റെ കണ്ണിനെ കുഴ്യ്ക്കുന്നു. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
എനിക്ക് വലിയ ഇഷ്ടമായി. ചന്ദ്രേട്ടനേപ്പോലുള്ളവരാണ് ബ്ലോഗിങ്ങിലേയ്ക്ക് വരേണ്ടത്... കഥകൾക്കായ് ഞാനും ആകാംഷയോടെ കാത്തിരിക്കുന്നു.. മൂന്നരവയസ്സുള്ള എൻറെ കുഞ്ഞിക്കിളിക്കും കൂടിവേണ്ടി എഴുതണേ..
ചന്ദ്രേട്ടന്‍,
ഉഗ്രനായിട്ടുണ്ട്!
കൊച്ചു കുട്ടികള്‍ക്കും വല്യ കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും!
ശ്രീ. സിബുവിനെ പോലെ ഞാനും കഥകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...
Post a Comment
<< Home