ജിറാഫുമായി അഭിമുഖം
ജിറാഫുമായി അഭിമുഖം
കാട്ടിലെ പ്രമുഖ പത്രമാണു വനകാഹളം. അതിന്റെ പത്രാധിപര്‍ ഗജേന്ദ്രശര്‍മ്മ. അദ്ദേഹം ഒരുദിവസം രാവിലെ തന്റെ മുഖ്യറിപ്പോര്‍ട്ടര്‍ കാകവര്‍ണ്ണനെ വിളിച്ചു. കാക്കവന്നു പത്രാധിപര്‍ക്കു സലാം പറഞ്ഞിട്ടു ജനല്‍പടിയിലിരുന്നു. മുറിക്കുള്ളില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോളും പുറത്തുനടക്കുന്നതുകൂടി കണാനുള്ള വിദ്യയാണീ ജനലിലിരുപ്പു്.ഗജെന്ദ്രന്‍ ചോദിച്ചു, "എടോ, അനന്തന്‍കാട്ടില്‍നിന്നുള്ള ഡെസ്പാച്ചു താന്‍ കണ്ടുവോ?""മൃഗശാലയില്‍ ഒരു ജിറാഫിനെ കൊണ്ടുവന്ന വാര്‍ത്തയാണുദ്ദേശിക്കുന്നതെങ്കില്‍ കണ്ടു.""അതുതന്നെ. നമ്മുടെ വാരാന്ത്യപ്പതിപ്പില്‍ കൊടുക്കാന്‍ ജിറാഫുമായി ഒരു അഭിമുഖസംഭാഷണം വേണം. താന്‍ തന്നെയായാലേ അതു ഭംഗിയാവൂ.""ശരി, ഇന്നുതന്നെ ആയിക്കളയാം. ഏതായാലും സെക്രട്ടറിയേറ്റുപടിക്കല്‍ സമരങ്ങളുടെ കണക്കെടുക്കാന്‍ പോകണം. അക്കൂടെ ഇതും നടക്കും."ഉച്ചസമയത്ത് അധികം സന്ദര്‍ശകര്‍ ഇല്ലാത്ത നേരം നോക്കിയാണു കാകവര്‍ണ്ണന്‍ മൃഗശാലയിലെത്തിയത്. അവന്‍ ജിറാഫിനേ വിട്ടിരിക്കുന്ന വളപ്പിന്റെ വേലിയില്‍ ചെന്നിരുന്നു. ഉച്ചവെയിലില്‍ നിന്നും രക്ഷപ്പെടാന്‍ ഏതാണ്ടെല്ലാ മൃഗങ്ങളും മരത്തണലുകളില്‍ കൂടിയിരിക്കയാണ്‍. ജിറാഫു മാത്രം അതിനായി മിനക്കെട്ടില്ല. "ആഫ്രിക്കക്കാരനല്ലേ. ഈ ചൂടൊന്നും കക്ഷിക്കൊരു പ്രശ്നമായിരിക്കില്ല." കാക്ക മനസ്സിലോര്‍ത്തു, "അല്ലെങ്കില്‍ത്തന്നെ ഈ പൊക്കവും വച്ചുകൊണ്ടു ഇവനു കയറിനില്‍ക്കാന്‍ പറ്റിയ മരത്തണലെവിടിരിക്കുന്നു!"വേലിയിലിരുന്നു ചുറ്റുപാടുകള്‍ വീക്ഷിക്കുന്നതിനിടയില്‍ കാക്ക ലേഖനത്തിന്റെ ആദ്യവാചകങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു. "ആയിരക്കണക്കിനു മൈലുകള്‍ താണ്ടിയെത്തിയ അതികായനായ അതിഥി. അത്യുഷ്ണമുള്ള ആഫ്രിക്കന്‍ മരുഭൂമികള്‍ കണ്ട ഈ അതിദീര്‍ഘകായന്‍ അനന്തപുരിയിലെ വേനല്‍ച്ചൂടും സുഖശീതളമായി അനുഭവപ്പെടുന്നുണ്ടാവും". കുറേക്കഴിഞ്ഞു ജിറാഫ് താനിരിക്കുന്ന ഭാഗത്തെയ്ക്കു തിരിഞ്ഞപ്പോള്‍ കാക്ക അവനെ അടുത്തേയ്ക്കു വിളിച്ചു. സന്ദര്‍ശകരാരുമില്ലാതെ ബോറടിച്ചു വിഷമിച്ച ജിറാഫിനു കാക്കയുടെ വരവു സന്തോഷപ്രദമായി. അവന്‍ സാവധാനം കാക്കയുടെ അടുത്തേയ്ക്കു നടന്നുവന്നു. "നമസ്കാരം", കാക്ക തുടങ്ങിവച്ചു. "ഞാന്‍ കാകവര്‍ണ്ണന്‍. വനകാഹളത്തിന്റെ സ്വന്തം ലേഖകന്‍. വാരന്ത്യപ്പതിപ്പിലിടാന്‍ വേണ്ടി താങ്കളുമായി അഭിമുഖസംഭാഷണം ചെയ്യാന്‍ വന്നതാണ്.""സന്തോഷം" ജിറാഫു പറഞ്ഞു. "ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പു് ഒരുപകാരം ചെയ്താല്‍ നന്നായിരുന്നു. നിങ്ങളിപ്പോളിരിക്കുന്നയിടം എന്റെ കാല്‍മുട്ടിന്റെയത്ര പൊക്കത്തിലാണ്. എന്റെ തലയ്ക്കൊപ്പം പൊക്കത്തിലുള്ള ഒരു മരക്കൊമ്പിലോമറ്റോ മാറിയിരുന്നാല്‍ എളുപ്പമായി, എനിക്കു കുനിയാതെ കഴിക്കാം. അക്ഷരാര്‍ത്ഥത്തില്‍ 'മുഖത്തോടുമുഖം' ആവുകയും ചെയ്യും."കാക്കയ്ക്കും അതു സമ്മതമായിരുന്നു. സ്വതേ ചെരിവുള്ള തന്റെ നോട്ടം മേല്‍പോട്ടേയ്ക്കാക്കുക അത്ര എളുപ്പമള്ള കാര്യമല്ല. ഉയര്‍ന്ന ഒരു കൊമ്പില്‍ പറന്നിരുന്നിട്ട് അവന്‍ ചോദ്യമാരംഭിച്ചു. "ഭൂമിയില്‍ വച്ചേറ്റവും ഉയരമുള്ള മൃഗം ജിറാഫാണെന്നണു പൊതുവിലുള്ള ധാരണ. എന്നാലത് ഒട്ടകമാണെന്നും ഒരു വാദം കേള്‍ക്കാറുണ്ട്. താങ്കളുടെ അഭിപ്രായമെന്താണ്?""മുതുകിന്റെ പൊക്കമെടുത്താല്‍ ഒട്ടകത്തിനു ഞങ്ങളേക്കാള്‍ പൊക്കം കൂടും. പക്ഷേ സാധാരണ നില്‍ക്കുന്ന പോസില്‍ അളന്നാല്‍ ഞങ്ങള്‍ തന്നെയാണു ഗിന്നസ് ബുക്കില്‍ കായറേണ്ടവര്‍."അങ്ങനെയണല്ലേ?" കാക്ക തുടര്‍ന്നു, "പിന്നൊരു കാര്യം, നിങ്ങളുടെ കഴുത്തിന്റെ അസാമാന്യമായ നീളത്തിനു കാരണം നിങ്ങളുടെ കഴുത്തില്‍ കൂടുതല്‍ കശേരുക്കളുള്ളതാണെന്നു എവിടെയോ വായിച്ചതോര്‍ക്കുന്നു. എന്തോ എനിക്കതത്ര യുക്തിക്കു നിരക്കുന്നതായി തോന്നിയില്ല. വാസ്തവം എന്താണെന്നു പറഞ്ഞു തരാമോ?"ഒന്നു നന്നായി ചിരിച്ചിട്ടു ജിറാഫു പറഞ്ഞു, "അതെഴുതിയ ആള്‍ നല്ല ഇമാജിനേഷനുള്ള പാര്‍ട്ടിയാ. ജീവശസ്ത്രത്തിന്റെ ആദ്യക്ഷരം പോലും അറിയാത്തയാള്‍. സസ്തനികള്‍ക്കെല്ലം കഴുത്തില്‍ ഏഴു കശേരുക്കളാണുള്ളത്. കശേരുക്കളുടെ നീളത്തിലാണു വ്യത്യാസം."കാക്ക അടുത്ത ചോദ്യത്തിലെയ്ക്കു കടന്നു, "ആട്ടെ ഇവിടെ താങ്കള്‍ക്കു സുഖമാണോ?"ജിറാഫ് ഒട്ടും ആലോചിക്കതെയാണു് ഉത്തരം പറഞ്ഞതു്, "കാലാവസ്ഥ സുഖകരമാണു്. ആഹാരത്തിനും മുട്ടില്ല, പിന്നെ എത്രയായാലും മറുനാടല്ലേ? അതിന്റേതായ ഒരിതുണ്ടാവുമല്ലോ? പ്രധാന പ്രശ്നം ഒറ്റപ്പെട്ടു പോയതാണു്. പറ്റം ചേര്‍ന്നു ജീവിച്ചു പഠിച്ചതാണു്. ഒറ്റയ്ക്കു വല്ലാത്ത ഏകാന്തത.""എലിക്കു പൂച്ച, കോഴിക്കു കുറുക്കന്‍, പാമ്പിനു കീരി, മാനിനു പുലി എന്ന മട്ടില്‍ ജിറാഫിനു് ആജന്മശത്രുവായി ഏതെങ്കിലും മൃഗ്മുണ്ടൊ?"അല്‍പമൊന്നാലോചിച്ചിട്ടു് ജിറാഫു പറഞ്ഞു, "നല്ല ചോദ്യം!ഇതുകേട്ടു് കാക്ക ചിറകൊന്നു നിവര്‍ത്തിയൊതുക്കി ഗമയില്‍ ഇരുന്നു. "ഇല്ല എന്ന ഉത്തരമാണു ശരിയാവുക. പൊതുവേ ശാന്തപ്രകൃതരാണെങ്കിലും തണ്ടും തടിയും കാലിനു ശക്തിയുമുള്ള ഞങ്ങളെ സിംഹം കടുവാ മുതലായവയ്ക്കുപോലും പേടിയാണു്. പിന്നെയുള്ളതു മനുഷ്യര്‍; അവര്‍ പിന്നെ മുഴുവന്‍ ജന്തുവര്‍ഗ്ഗത്തിന്റെയും ശത്രുവാണല്ലോ!""അതുപിന്നെ എടുത്തുപറയണോ?" കാക്ക അവജ്ഞയോടെ ചോദിച്ചു, "സ്വന്തം വര്‍ഗ്ഗത്തെപ്പോലും കൊല്ലാക്കൊല ചെയ്യുന്നവന്‍. പിന്നെ മറ്റുള്ള മൃഗങ്ങളുടെ കഥ പറയണോ? അവരെപ്പറ്റി പറഞ്ഞു വെറുതേ നമ്മുടെ സമയം കളയണോ?""വേണ്ട, അടുത്ത ചോദ്യം വരട്ടെ".കാക്ക അടുത്ത ചോദ്യം ചോദിച്ചു, "ജിറാഫായി പിറന്നതില്‍ നിരാശയുണ്ടോ?""നിരാശയെന്തിനു്? എന്നാലും ഒരു ദുഃഖമുണ്ടു്. മഴക്കാലമായല്‍ നിലം പൊതിഞ്ഞു് ഇളം പുല്ലുകള്‍ കാണുമ്പോള്‍ കൊതിയാകും. പക്ഷേ കുനിഞ്ഞു നിലത്തുനിന്നും പുല്ലു തിന്നാന്‍ പറ്റിയ ശരീരഘടനയല്ല ഞങ്ങളുടേത്. ഒന്നാമതു കുനിയാനുള്ള ബുദ്ധിമുട്ട്. വെള്ളം കുടിക്കുന്നതു പോലും ആഴ്ച്ചയിലൊരിക്കലാണു്." അഥവാ കഷ്ടപ്പെട്ടു കുനിഞ്ഞാലും പുല്ലു വലിച്ചു പറിക്കാന്‍ തക്ക ബലം പല്ലിനില്ല.""നിങ്ങള്‍ക്കു കുനിയാനിത്ര പ്രയാസമെന്താ?" കാക്ക ചോദിച്ചു."നിവര്‍ന്നു നില്‍ക്കുമ്പോഴും തല തറയില്‍ മുട്ടിച്ചു നില്‍ക്കുമ്പോഴുമുള്ള ഉയരവ്യത്യാസം കൊണ്ടു് തലയിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ ശക്തിക്കു കാര്യമായ വ്യത്യാസമുണ്ടാവും. ഇതു ക്രമീകരിക്കാന്‍ കഴുത്തില്‍ ഞങ്ങള്‍ക്കു ചില സംവിധാനങ്ങളുണ്ടെങ്കിലും പെട്ടെന്നു കുനിഞ്ഞാല്‍ കുഴപ്പമാകും. തലച്ചോറു തന്നെ തകര്‍ന്നുകൂടായ്കയില്ല."ഒന്നു നിറുത്തിയിട്ടു ജിറാഫു തുടര്‍ന്നു, "ഈ റെക്കോഡുപൊക്കം കൊണ്ടു പിന്നെയുമുണ്ടു പ്രശ്നം. കിട്ക്കാന്‍ പറ്റില്ല. കിടന്നു പോയാല്‍ നീണ്ടു തടിച്ച ശരീരതെ പൊക്കിയെടുക്കാന്‍ കാലുകള്‍ക്കു ബലം പോരാ."കാക്ക അടുത്ത ചോദ്യത്തിലേയ്ക്കു കടന്നു, "തങ്കളുടെ ജീവിതത്തിലെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം എന്താണെന്നു പറയാമോ?"ജിറാഫ് ചിരിച്ചു, "ജന്മം തന്നെ. ഇത്രയും ഞെട്ടലുണ്ടാക്കുന്ന മറ്റൊരു സംഭവമുണ്ടാവുക വിഷമമാണു്. പ്രസവിക്കാനും അമ്മ കിടക്കാത്തതു കൊണ്ട് രണ്ടു മീറ്ററോളം ഉയരത്തില്‍ നിന്നൊരു വീഴ്ചയോടെയാണു ജീവിതം ആരംഭിക്കുന്നത്. അതുകൊണ്ടാവാം ഒരുമാതിരി കാര്യങ്ങളൊന്നും ഞങ്ങള്‍ക്കു ഞെട്ടലുണ്ടാക്കുകയില്ല."ഈ മട്ടില്‍ അവരുടെ അഭിമുഖസംഭാഷണം പുരോഗമിക്കുന്നതിനിടയില്‍ സന്ദര്‍ശകരുടെ വരവു കണ്ടു കാക്ക പറഞ്ഞു, "തല്‍ക്കാലം ഇതു മതി. എന്നാല്‍ പിന്നെക്കണാം. നന്ദി നമസ്കാരം."
5 Comments:
swagatham :-)
ഗുരോ, നമസ്ക്കാരം
സ്വാഗതം .....
വളരെ നന്നായിട്ടൂണ്ട്!
ഒരുപാട് നാളിനു ശേഷം ഒരു കുട്ടികഥ വായിച്ചതില്‍ സന്തോഷവും ഉണ്ട്.
ദയവായി സ്റ്റോക്കുള്ളതൊക്കെ സമയം കിട്ടുമ്പോള്‍ പോസ്റ്റ് ചെയ്യാമോ?
പുതിയവയും പോസ്റ്റ് ചെയ്യണം.
സ്നേഹപൂര്‍വ്വം
കലേഷ്
ChandrETTaa, viSwam, sibu thuTangiyavaR kooTi kamantukaL track cheyyaan oru samvidhaanam kooTi unTaakkiyiTTunT~. athil theerchayaayum chEraNam.
http://blog4comments.blogspot.com/
ee link sandaR_Sikkuka. kooTuthal aRiyaan pathivupOle avarOTu thanne chOdikkuka.
ഞാന്‍ കുറച്ചു താമസിച്ചു ജനിച്ചിരുന്നെങ്കില്‍ എന്നോര്‍ത്തു പോകുന്നു. ഇത്തരം കഥകള്‍ ഒത്തിരി വായിയ്ക്കാന്‍ പറ്റുമായിരുന്നല്ലോ? അന്നു വായിച്ചിരുന്നതു മാലിയും നരേന്ദ്രനാഥും മറ്റും.
ഇനിയും പോരട്ടെ ഇത്തരം കൃതികള്‍.
ഒത്തിരി ആശംസകള്‍
ജീവി
Post a Comment
<< Home