Wednesday, June 29, 2005

പാച്ചന്‍ ക്ലിനിക്‌

2. പാച്ചന്‍ ക്ലിനിക്‌
ചിണ്ടന്‍ ചുണ്ടെലിയും പാച്ചന്‍ തവളയും ചേര്‍ന്നു പാച്ചോറ്റിക്കുളം കവലയില്‍ ഒരു ആശുപത്രി തുടങ്ങി. "അത്യന്താധുനികചികിത്സാലയം" എന്നായിരുന്നു ബോര്‍ഡിലെഴുതിയിരുന്ന പേര്‍."മരുന്നില്ലാത്ത ചികിത്സ: അതാണേറ്റവും പുതിയ വിദ്യ. രാസവസ്തുക്കള്‍ കൊണ്ടു ദൈവദത്തമായ ശരീരം വിഷപങ്കിലമാക്കാതിരിക്കുവിന്‍" എന്നെല്ലാം അച്ചടിച്ച നോട്ടീസുകള്‍ എല്ലായിടത്തും വിതരണം ചെയ്തു. ആദ്യമൊക്കെ മടിച്ചുനിന്നെങ്കിലും താമസിയാതെ ആശുപത്രിയിലേയ്ക്കു രോഗികള്‍ വന്നു തുടങ്ങി.അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദത്തിലെ അങ്ങാടിപ്പൊതി തുടങ്ങി സകലതും പരീക്ഷിച്ചു നിരാശനായ പൂവാലനെന്ന കോഴിപ്പൂവനായിരുന്നു ആദ്യത്തെ രോഗി."എന്താ അസുഖം?" എന്ന ഡോക്ടറുടെ ചോദ്യത്തിനു മറുപടിയായി പൂവാലന്‍ പറഞ്ഞു, "പറക്കാന്‍ പറ്റുന്നില്ല ഡോക്ടറേ. ഇത്രയും വലിയ ചിറകുകളും, നീണ്ട തൂവലുകളുമൊക്കെ കാഴ്ചവസ്തുക്കള്‍ മാത്രം. തറേന്നു ഒരിഞ്ചങ്ങോട്ടു പൊങ്ങാനാവുന്നില്ല. കുഞ്ഞാരുന്നപ്പം അഞ്ചാറടിപൊക്കത്തിലുള്ള വേലിയേലൊക്കെ പറന്നു കേറാറുള്ളതായിരുന്നെന്റെ സാറേ. ഇപ്പഴതു പോയിട്ടു ... ..." പൂവാലന്റെ ദീര്‍ഘനിശ്വാസത്തിനു പൊള്ളുന്ന ചൂടുണ്ടായിരുന്നു.ഡോക്ടര്‍ പാച്ചനും ചിണ്ടനും കൂടി പൂവാലനെ മറിച്ചും തിരിച്ചുമിട്ടു പരിശോധിച്ചു. ചിറകിന്റെ നീളം അളന്നു നോക്കി. സ്പ്രിംഗ്‌ ത്രാസ്സില്‍ തൂക്കിയെടുത്തു തൂക്കം നോക്കി. രണ്ടു വിദഗ്‌ധന്മാരും കുറേ നേരം കൂടിയാലോചിച്ചിട്ടു പറഞ്ഞു, "എക്സ്ട്രാവൈറ്റിറ്റിസ്‌ പൊട്ടാലിറ്റിസ്‌ എന്ന രോഗമാണു നിങ്ങള്‍ക്ക്‌. കൂടുതല്‍ ലോഡു കയറ്റിയ വിമാനങ്ങളിലും ഈ രോഗം കണ്ടു വരുന്നുണ്ട്‌. പകരുന്നതൊന്നുമല്ല, പേടിക്കണ്ട. പക്ഷേ ഉടനെ ചികിത്സിച്ചില്ലെങ്കില്‍ പിടിച്ചാല്‍ കിട്ടാതാവും. തൂക്കം കുറയ്ക്കുക എന്നൊരോറ്റ വഴിയേയുള്ളു.""അതെനിക്കും തോന്നിയതാ സാറമ്മാരേ. പക്ഷേ എങ്ങനെയാണതു സാധിക്കുക?""ഡയറ്റു ചെയ്യുക തന്നെ." ചിണ്ടന്‍ പറഞ്ഞു."കുറച്ചാഹാരം, നിറച്ചു വ്യായാമം." പാച്ചന്‍ തുടര്‍ന്നു പറഞ്ഞു."ശരി സാറന്മാരെ, അങ്ങിനെ ചെയ്യാം" പൂവാലന്‍ അത്ര സന്തോഷത്തോടെയല്ല പറഞ്ഞതു. ഇതും പറഞ്ഞു അവന്‍ നടന്നപ്പോള്‍ ചിണ്ടന്‍ ചോദിച്ചു, "ഞങ്ങളുടെ ഫീസു തരാതെ പോകുവാണോ?"പടിക്കലെത്തിയ പൂവലന്‍ നിന്നു കൊക്കി, "പിന്നെക്കേട്ടില്ലേ? പട്ടിണി കെടക്കാന്‍ പറഞ്ഞതിനാ പീസ്‌. വേറെയാളെ നോക്കിയാട്ടെ സാറേ."ഉടന്‍ തന്നെ ഭിത്തിയിലുണ്ടായിരുന്ന നിര്‍ദ്ദേശങ്ങളുടെ കൂടെ ഒന്നുകൂടെ അവര്‍ എഴുതിച്ചേര്‍ത്തു, "ഡോക്ടറെ കാണുന്നതിനു മുമ്പു ഫീസടയ്ക്കണം."അടുത്ത രോഗി നീളകണ്ഠന്‍ ജിറാഫായിരുന്നു. വല്ലാത്ത പൊക്കം തന്നെ പ്രശ്നം. "ഇതു കാരണമാ ഗിന്നസു ബുക്കില്‍ കയറിപ്പറ്റിയതെന്നതൊക്കെ ശരിയാ. പക്ഷേ സമൂഹത്തില്‍ കഴിഞ്ഞു കൂടണ്ടേ സറേ? ഓരാളും അവരുടെ വീട്ടില്‍ കേറ്റത്തില്ല, മേല്‍ക്കൂര പൊളിയുമെന്നു പേടി. എവിടെ പോകാനാണെങ്കിലും ഒരു വണ്ടി കേറനൊക്കുമോ അതുമില്ല. നടന്നു നടന്നു ഊപ്പാടെത്തി. വല്ലപാടും ഈ പൊക്കമൊന്നു കുറച്ചുതായോ."നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം പാച്ചന്‍ പറഞ്ഞു. "പ്ലാസ്റ്റിക്‌ സര്‍ജറി കൊണ്ടു ശരിയാക്കാം. നഗരത്തിലെ ക്ല്നിക്കല്‍ ട്രസ്റ്റു ഹോസ്പിറ്റലിലെ സര്‍ജ്ജനെ എനിക്കറിയാം. ഇഞ്ചൊന്നിനു അയ്യായിരം രൂപയെന്നാണു കണക്കു. ആവശ്യാനുസരണം കാശുമൊപ്പിച്ചു വന്നോളൂ. നമുക്കു ശരിയാക്കാം."അടുത്ത രോഗി പാണ്ടന്‍ നായയായിരുന്നു, രോഗം പുതിയതൊന്നുമല്ല.എത്ര നേരം എങ്ങനെയൊക്കെ നിവര്‍ത്തിപ്പിടിച്ചാലും നിവരാത്ത വാലുതന്നെ. കുഴലിലിട്ടു പത്തുമാസം കൊണ്ടുനടന്നിട്ടും, കുഴമ്പിട്ടു പത്തുവട്ടം ഉഴിഞ്ഞിട്ടും നിവരാത്ത വാല്‍. "അതു മാത്രമല്ല സാറന്മാരേ പ്രശ്നം!" പാച്ചനിതു പറഞ്ഞപ്പോള്‍ ഒച്ച കരച്ചിലിന്റെ അടുത്തെത്തിയിരുന്നു, "ഉള്ളിലല്‍പം പേടി തോന്നിയാലുമതു മുഖത്തു കാട്ടാതിരിക്കാന്‍ കഴിഞ്ഞെന്നു വരും. പക്ഷേ ഈ നശിച്ച വാലു സമ്മതിക്കത്തില്ല. അവന്‍ വളഞ്ഞ്‌ കാലിനടീലോട്ടങ്ങു കേറും."പാച്ചന്‍ പറഞ്ഞു, "നന്നാക്കാനാവത്തതിനെ ഇല്ലാതാക്കുക എന്നാണു പഴമക്കാര്‍ പോലും പറയുന്നതു."അപ്പോഴേക്കും ചിണ്ടന്‍ കയ്യിലൊരു വാളുമായി എത്തിക്കഴിഞ്ഞിരുന്നു. പക്ഷേ മറ്റെന്തു ദോഷമുണ്ടെങ്കിലും പാണ്ടനു നല്ല വേഗത്തില്‍ ഓടാനറിയാമായിരുന്നു. ഇറങ്ങിയോടുമ്പോള്‍ അവന്റെ വാല്‍ സുരക്ഷിതമായി വയറിനോടു പറ്റിയിരിക്കുന്നുണ്ടായിരുന്നു. ആ ഓട്ടം കണ്ട പാച്ചന്‍ കൂട്ടുകാരനോടു പറഞ്ഞു, "ഫീസ്‌ ആദ്യമേ വാങ്ങിയതു നന്നായി."പാണ്ടന്‍ ഒന്നു രണ്ടു ദിവസം പരിചയമുള്ളോരൊടൊക്കെ പാച്ചന്റേയും ചിണ്ടന്റേയും കുറ്റം പറഞ്ഞു നടന്നു.പാച്ചോറ്റിക്കുളത്തിനടുത്തു താമസിച്ചിരുന്ന ശേഷനാഗയ്യനെന്ന മൂര്‍ഖന്‍ പാമ്പിനുമുണ്ടായിരുന്നു ചില മാറാരോഗങ്ങള്‍. ഇടയ്ക്കിടെ തോല്‍ ഉണങ്ങി പൊളിയുന്നതാണു പ്രധാനം. അതുണ്ടാവുമ്പോള്‍ പിന്നെ കുറേ ദിവസത്തേയ്ക്കുള്ള പ്രയാസമൊന്നും പറയണ്ട. അനങ്ങാന്‍ വയ്യ. പിന്നെയും ചില പ്രശ്നങ്ങളുണ്ടു, തല നിലത്തൂന്നു പൊങ്ങിയാല്‍ ആടിത്തുടങ്ങും. ഒരുപാടു ചികിത്സ നോക്കി. ചുണ്ടെലി രസായനവും, തവളസൂപ്പുമൊക്കെ കഴിച്ചു നോക്കി. നൊ യൂസ്‌! പ്രയോജനം ഇല്ല. ഫലനില്ലൈ! "ഏതായാലും പുതിയ അപ്പാത്തിക്കിരിമാരെക്കൂടി കണ്ടു കളയാം" എന്നു കരുതിയാണു പാമ്പു ക്ലിനിക്കിനു മുന്നിലെത്തിയതു. ദൂരെ നിന്നും പാമ്പു വരുന്നതു കണ്ടതേ ചുണ്ടെലിയുടെ ചങ്കിടിച്ചു. തവളയുടെ ഒച്ചയടച്ചു. രണ്ടു പേര്‍ക്കും പനി മൂത്തു. മൂര്‍ഖന്‍ പടിവാതിലക്കലെത്തിയപ്പോള്‍ ഷട്ടറിടാന്‍ പോലും നില്‍ക്കാതെ രണ്ടാളും സ്ഥലം വിട്ടു. ആദ്യം തവള കുളത്തിലെത്തിയോ അതോ ചുണ്ടെലി മാളത്തിലെത്തിയോ, ആ ആര്‍ക്കറിയാം!
-------

പകര്‍പ്പവകാശം കഥാകൃത്തിനു മാത്രം.

Friday, June 24, 2005

ജിറാഫുമായി അഭിമുഖം

ജിറാഫുമായി അഭിമുഖം
കാട്ടിലെ പ്രമുഖ പത്രമാണു വനകാഹളം. അതിന്റെ പത്രാധിപര്‍ ഗജേന്ദ്രശര്‍മ്മ. അദ്ദേഹം ഒരുദിവസം രാവിലെ തന്റെ മുഖ്യറിപ്പോര്‍ട്ടര്‍ കാകവര്‍ണ്ണനെ വിളിച്ചു. കാക്കവന്നു പത്രാധിപര്‍ക്കു സലാം പറഞ്ഞിട്ടു ജനല്‍പടിയിലിരുന്നു. മുറിക്കുള്ളില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോളും പുറത്തുനടക്കുന്നതുകൂടി കണാനുള്ള വിദ്യയാണീ ജനലിലിരുപ്പു്‌.ഗജെന്ദ്രന്‍ ചോദിച്ചു, "എടോ, അനന്തന്‍കാട്ടില്‍നിന്നുള്ള ഡെസ്പാച്ചു താന്‍ കണ്ടുവോ?""മൃഗശാലയില്‍ ഒരു ജിറാഫിനെ കൊണ്ടുവന്ന വാര്‍ത്തയാണുദ്ദേശിക്കുന്നതെങ്കില്‍ കണ്ടു.""അതുതന്നെ. നമ്മുടെ വാരാന്ത്യപ്പതിപ്പില്‍ കൊടുക്കാന്‍ ജിറാഫുമായി ഒരു അഭിമുഖസംഭാഷണം വേണം. താന്‍ തന്നെയായാലേ അതു ഭംഗിയാവൂ.""ശരി, ഇന്നുതന്നെ ആയിക്കളയാം. ഏതായാലും സെക്രട്ടറിയേറ്റുപടിക്കല്‍ സമരങ്ങളുടെ കണക്കെടുക്കാന്‍ പോകണം. അക്കൂടെ ഇതും നടക്കും."ഉച്ചസമയത്ത്‌ അധികം സന്ദര്‍ശകര്‍ ഇല്ലാത്ത നേരം നോക്കിയാണു കാകവര്‍ണ്ണന്‍ മൃഗശാലയിലെത്തിയത്‌. അവന്‍ ജിറാഫിനേ വിട്ടിരിക്കുന്ന വളപ്പിന്റെ വേലിയില്‍ ചെന്നിരുന്നു. ഉച്ചവെയിലില്‍ നിന്നും രക്ഷപ്പെടാന്‍ ഏതാണ്ടെല്ലാ മൃഗങ്ങളും മരത്തണലുകളില്‍ കൂടിയിരിക്കയാണ്‍. ജിറാഫു മാത്രം അതിനായി മിനക്കെട്ടില്ല. "ആഫ്രിക്കക്കാരനല്ലേ. ഈ ചൂടൊന്നും കക്ഷിക്കൊരു പ്രശ്നമായിരിക്കില്ല." കാക്ക മനസ്സിലോര്‍ത്തു, "അല്ലെങ്കില്‍ത്തന്നെ ഈ പൊക്കവും വച്ചുകൊണ്ടു ഇവനു കയറിനില്‍ക്കാന്‍ പറ്റിയ മരത്തണലെവിടിരിക്കുന്നു!"വേലിയിലിരുന്നു ചുറ്റുപാടുകള്‍ വീക്ഷിക്കുന്നതിനിടയില്‍ കാക്ക ലേഖനത്തിന്റെ ആദ്യവാചകങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു. "ആയിരക്കണക്കിനു മൈലുകള്‍ താണ്ടിയെത്തിയ അതികായനായ അതിഥി. അത്യുഷ്ണമുള്ള ആഫ്രിക്കന്‍ മരുഭൂമികള്‍ കണ്ട ഈ അതിദീര്‍ഘകായന്‍ അനന്തപുരിയിലെ വേനല്‍ച്ചൂടും സുഖശീതളമായി അനുഭവപ്പെടുന്നുണ്ടാവും". കുറേക്കഴിഞ്ഞു ജിറാഫ്‌ താനിരിക്കുന്ന ഭാഗത്തെയ്ക്കു തിരിഞ്ഞപ്പോള്‍ കാക്ക അവനെ അടുത്തേയ്ക്കു വിളിച്ചു. സന്ദര്‍ശകരാരുമില്ലാതെ ബോറടിച്ചു വിഷമിച്ച ജിറാഫിനു കാക്കയുടെ വരവു സന്തോഷപ്രദമായി. അവന്‍ സാവധാനം കാക്കയുടെ അടുത്തേയ്ക്കു നടന്നുവന്നു. "നമസ്കാരം", കാക്ക തുടങ്ങിവച്ചു. "ഞാന്‍ കാകവര്‍ണ്ണന്‍. വനകാഹളത്തിന്റെ സ്വന്തം ലേഖകന്‍. വാരന്ത്യപ്പതിപ്പിലിടാന്‍ വേണ്ടി താങ്കളുമായി അഭിമുഖസംഭാഷണം ചെയ്യാന്‍ വന്നതാണ്‌.""സന്തോഷം" ജിറാഫു പറഞ്ഞു. "ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പു്‌ ഒരുപകാരം ചെയ്താല്‍ നന്നായിരുന്നു. നിങ്ങളിപ്പോളിരിക്കുന്നയിടം എന്റെ കാല്‍മുട്ടിന്റെയത്ര പൊക്കത്തിലാണ്‌. എന്റെ തലയ്ക്കൊപ്പം പൊക്കത്തിലുള്ള ഒരു മരക്കൊമ്പിലോമറ്റോ മാറിയിരുന്നാല്‍ എളുപ്പമായി, എനിക്കു കുനിയാതെ കഴിക്കാം. അക്ഷരാര്‍ത്ഥത്തില്‍ 'മുഖത്തോടുമുഖം' ആവുകയും ചെയ്യും."കാക്കയ്ക്കും അതു സമ്മതമായിരുന്നു. സ്വതേ ചെരിവുള്ള തന്റെ നോട്ടം മേല്‍പോട്ടേയ്ക്കാക്കുക അത്ര എളുപ്പമള്ള കാര്യമല്ല. ഉയര്‍ന്ന ഒരു കൊമ്പില്‍ പറന്നിരുന്നിട്ട്‌ അവന്‍ ചോദ്യമാരംഭിച്ചു. "ഭൂമിയില്‍ വച്ചേറ്റവും ഉയരമുള്ള മൃഗം ജിറാഫാണെന്നണു പൊതുവിലുള്ള ധാരണ. എന്നാലത്‌ ഒട്ടകമാണെന്നും ഒരു വാദം കേള്‍ക്കാറുണ്ട്‌. താങ്കളുടെ അഭിപ്രായമെന്താണ്‌?""മുതുകിന്റെ പൊക്കമെടുത്താല്‍ ഒട്ടകത്തിനു ഞങ്ങളേക്കാള്‍ പൊക്കം കൂടും. പക്ഷേ സാധാരണ നില്‍ക്കുന്ന പോസില്‍ അളന്നാല്‍ ഞങ്ങള്‍ തന്നെയാണു ഗിന്നസ്‌ ബുക്കില്‍ കായറേണ്ടവര്‍."അങ്ങനെയണല്ലേ?" കാക്ക തുടര്‍ന്നു, "പിന്നൊരു കാര്യം, നിങ്ങളുടെ കഴുത്തിന്റെ അസാമാന്യമായ നീളത്തിനു കാരണം നിങ്ങളുടെ കഴുത്തില്‍ കൂടുതല്‍ കശേരുക്കളുള്ളതാണെന്നു എവിടെയോ വായിച്ചതോര്‍ക്കുന്നു. എന്തോ എനിക്കതത്ര യുക്തിക്കു നിരക്കുന്നതായി തോന്നിയില്ല. വാസ്തവം എന്താണെന്നു പറഞ്ഞു തരാമോ?"ഒന്നു നന്നായി ചിരിച്ചിട്ടു ജിറാഫു പറഞ്ഞു, "അതെഴുതിയ ആള്‍ നല്ല ഇമാജിനേഷനുള്ള പാര്‍ട്ടിയാ. ജീവശസ്ത്രത്തിന്റെ ആദ്യക്ഷരം പോലും അറിയാത്തയാള്‍. സസ്തനികള്‍ക്കെല്ലം കഴുത്തില്‍ ഏഴു കശേരുക്കളാണുള്ളത്‌. കശേരുക്കളുടെ നീളത്തിലാണു വ്യത്യാസം."കാക്ക അടുത്ത ചോദ്യത്തിലെയ്ക്കു കടന്നു, "ആട്ടെ ഇവിടെ താങ്കള്‍ക്കു സുഖമാണോ?"ജിറാഫ്‌ ഒട്ടും ആലോചിക്കതെയാണു്‌ ഉത്തരം പറഞ്ഞതു്‌, "കാലാവസ്ഥ സുഖകരമാണു്‌. ആഹാരത്തിനും മുട്ടില്ല, പിന്നെ എത്രയായാലും മറുനാടല്ലേ? അതിന്റേതായ ഒരിതുണ്ടാവുമല്ലോ? പ്രധാന പ്രശ്നം ഒറ്റപ്പെട്ടു പോയതാണു്‌. പറ്റം ചേര്‍ന്നു ജീവിച്ചു പഠിച്ചതാണു്‌. ഒറ്റയ്ക്കു വല്ലാത്ത ഏകാന്തത.""എലിക്കു പൂച്ച, കോഴിക്കു കുറുക്കന്‍, പാമ്പിനു കീരി, മാനിനു പുലി എന്ന മട്ടില്‍ ജിറാഫിനു്‌ ആജന്മശത്രുവായി ഏതെങ്കിലും മൃഗ്മുണ്ടൊ?"അല്‍പമൊന്നാലോചിച്ചിട്ടു്‌ ജിറാഫു പറഞ്ഞു, "നല്ല ചോദ്യം!ഇതുകേട്ടു്‌ കാക്ക ചിറകൊന്നു നിവര്‍ത്തിയൊതുക്കി ഗമയില്‍ ഇരുന്നു. "ഇല്ല എന്ന ഉത്തരമാണു ശരിയാവുക. പൊതുവേ ശാന്തപ്രകൃതരാണെങ്കിലും തണ്ടും തടിയും കാലിനു ശക്തിയുമുള്ള ഞങ്ങളെ സിംഹം കടുവാ മുതലായവയ്ക്കുപോലും പേടിയാണു്‌. പിന്നെയുള്ളതു മനുഷ്യര്‍; അവര്‍ പിന്നെ മുഴുവന്‍ ജന്തുവര്‍ഗ്ഗത്തിന്റെയും ശത്രുവാണല്ലോ!""അതുപിന്നെ എടുത്തുപറയണോ?" കാക്ക അവജ്ഞയോടെ ചോദിച്ചു, "സ്വന്തം വര്‍ഗ്ഗത്തെപ്പോലും കൊല്ലാക്കൊല ചെയ്യുന്നവന്‍. പിന്നെ മറ്റുള്ള മൃഗങ്ങളുടെ കഥ പറയണോ? അവരെപ്പറ്റി പറഞ്ഞു വെറുതേ നമ്മുടെ സമയം കളയണോ?""വേണ്ട, അടുത്ത ചോദ്യം വരട്ടെ".കാക്ക അടുത്ത ചോദ്യം ചോദിച്ചു, "ജിറാഫായി പിറന്നതില്‍ നിരാശയുണ്ടോ?""നിരാശയെന്തിനു്‌? എന്നാലും ഒരു ദുഃഖമുണ്ടു്‌. മഴക്കാലമായല്‍ നിലം പൊതിഞ്ഞു്‌ ഇളം പുല്ലുകള്‍ കാണുമ്പോള്‍ കൊതിയാകും. പക്ഷേ കുനിഞ്ഞു നിലത്തുനിന്നും പുല്ലു തിന്നാന്‍ പറ്റിയ ശരീരഘടനയല്ല ഞങ്ങളുടേത്‌. ഒന്നാമതു കുനിയാനുള്ള ബുദ്ധിമുട്ട്‌. വെള്ളം കുടിക്കുന്നതു പോലും ആഴ്ച്ചയിലൊരിക്കലാണു്‌." അഥവാ കഷ്ടപ്പെട്ടു കുനിഞ്ഞാലും പുല്ലു വലിച്ചു പറിക്കാന്‍ തക്ക ബലം പല്ലിനില്ല.""നിങ്ങള്‍ക്കു കുനിയാനിത്ര പ്രയാസമെന്താ?" കാക്ക ചോദിച്ചു."നിവര്‍ന്നു നില്‍ക്കുമ്പോഴും തല തറയില്‍ മുട്ടിച്ചു നില്‍ക്കുമ്പോഴുമുള്ള ഉയരവ്യത്യാസം കൊണ്ടു്‌ തലയിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ ശക്തിക്കു കാര്യമായ വ്യത്യാസമുണ്ടാവും. ഇതു ക്രമീകരിക്കാന്‍ കഴുത്തില്‍ ഞങ്ങള്‍ക്കു ചില സംവിധാനങ്ങളുണ്ടെങ്കിലും പെട്ടെന്നു കുനിഞ്ഞാല്‍ കുഴപ്പമാകും. തലച്ചോറു തന്നെ തകര്‍ന്നുകൂടായ്കയില്ല."ഒന്നു നിറുത്തിയിട്ടു ജിറാഫു തുടര്‍ന്നു, "ഈ റെക്കോഡുപൊക്കം കൊണ്ടു പിന്നെയുമുണ്ടു പ്രശ്നം. കിട്ക്കാന്‍ പറ്റില്ല. കിടന്നു പോയാല്‍ നീണ്ടു തടിച്ച ശരീരതെ പൊക്കിയെടുക്കാന്‍ കാലുകള്‍ക്കു ബലം പോരാ."കാക്ക അടുത്ത ചോദ്യത്തിലേയ്ക്കു കടന്നു, "തങ്കളുടെ ജീവിതത്തിലെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം എന്താണെന്നു പറയാമോ?"ജിറാഫ്‌ ചിരിച്ചു, "ജന്മം തന്നെ. ഇത്രയും ഞെട്ടലുണ്ടാക്കുന്ന മറ്റൊരു സംഭവമുണ്ടാവുക വിഷമമാണു്‌. പ്രസവിക്കാനും അമ്മ കിടക്കാത്തതു കൊണ്ട്‌ രണ്ടു മീറ്ററോളം ഉയരത്തില്‍ നിന്നൊരു വീഴ്ചയോടെയാണു ജീവിതം ആരംഭിക്കുന്നത്‌. അതുകൊണ്ടാവാം ഒരുമാതിരി കാര്യങ്ങളൊന്നും ഞങ്ങള്‍ക്കു ഞെട്ടലുണ്ടാക്കുകയില്ല."ഈ മട്ടില്‍ അവരുടെ അഭിമുഖസംഭാഷണം പുരോഗമിക്കുന്നതിനിടയില്‍ സന്ദര്‍ശകരുടെ വരവു കണ്ടു കാക്ക പറഞ്ഞു, "തല്‍ക്കാലം ഇതു മതി. എന്നാല്‍ പിന്നെക്കണാം. നന്ദി നമസ്കാരം."

Wednesday, June 22, 2005

ആമുഖം

I have been writing for children, in Malayalam and English for few years. I have published several stories, poems and few novels already. The articles in Malayalam appeared in Poompatta, Balarama, Balamangalam, Balabhoomi, Thaliru and Labour India.

Most of my creations in English appeared in PCM Bulletin, published from Kochi.
Six books for children have been published two by Balasahithya Institute, one each by DC books, NBS, Current Books, Kottayam and H&C Thrissoor.

I have few works on the anvil. These include a retold version of Narayaneeyam in metres popular in Malayalam, often called "paattukal." For samples of this work please see website: Guruvayur section of < www.cyberkerala.com> .

Dream project is a novel on Raja Sivaaji, the great patriotic hero.

I hope to post here, all my stories published at least once.